സംസ്ഥാനത്ത് പ്ലസ്‌വൺ പ്രവേശന നടപടികൾ ഉടൻ: വിവിധ വിഭാഗങ്ങളിലായി4,23,975 സീറ്റുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനം സംബന്ധിച്ച വിജ്ഞാപനം പ്ലസ്‌ ടു ഫലപ്രഖ്യാപനശേഷം പുറത്തിറക്കാനുള്ള നടപടികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ്‌ നടത്തുന്നത്. എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികൾക്കും തുടർപഠന സൗകര്യമൊരുക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഓൺലൈനായി ഏകജാലക സംവിധാനത്തിൽത്തന്നെയാകും ഈ വർഷവും പ്രവേശന നടപടികൾ. സിബിഎസ്‌ഇ, ഐസിഎസ്‌ഇ ഫലം വന്നതിന് ശേഷമായിരിക്കും പ്രവേശനം ആരംഭിക്കുക.
എസ്എസ്എൽസി വിജയിച്ച വിദ്യാർഥികൾക്കായി സംസ്ഥാനത്ത് 3,61,746 പ്ലസ് വൺ സീറ്റാണ്‌ ഉള്ളത്. ഇതിൽ 1,41,050 സീറ്റുകൾ സർക്കാർ സ്കൂളുകളിലാണ്. 1,65,100 സീറ്റ്‌ എയ്ഡഡ് സ്കൂളുകളിലും 55,596 സീറ്റ്‌ അൺഎയ്ഡഡ് സ്കൂളുകളിലുമുണ്ട്‌.

സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ്‌ ക്വോട്ടാ സീറ്റുകൾ ഒഴികെയുള്ള സീറ്റുകളുമാണ് സർക്കാർ നേരിട്ടു നടത്തുന്ന ഏകജാലക പ്രവേശനത്തിനു കീഴിലുള്ളത്‌. പ്ലസ് വൺ, ഐടിഐ, പോളിടെക്നിക് വിഭാഗങ്ങളിലായി 4,23,975 സീറ്റ്‌ ആകെയുണ്ട്‌.
കഴിഞ്ഞവർഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിലവിലുള്ള ബാച്ചുകളിൽ 20 ശതമാനംവരെ ആനുപാതിക സീറ്റ് വർധന അനുവദിച്ചിരുന്നു. ഇത്തവണ ഇക്കാര്യത്തിൽ അപേക്ഷകരുടെ എണ്ണംകൂടി പരിഗണിച്ച്‌ അലോട്ട്‌മെന്റ്‌ ഘട്ടത്തിലേ തീരുമാനമുണ്ടാകൂ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ എസ്എസ്എൽസി ജയിച്ച കുട്ടികളുടെ എണ്ണത്തേക്കാൾ പ്ലസ് വൺ സീറ്റുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലും എസ്എസ്എൽസി വിജയിച്ചവരുടെ എണ്ണം പ്ലസ് വൺ സീറ്റുകളേക്കാൾ കൂടുതലാണ്. കുട്ടികൾ ചേരാതെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ മുൻവർഷങ്ങളിൽ ജില്ല മാറ്റി ആവശ്യക്കാർക്ക്‌ നൽകിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനം പ്രവേശന നടപടി പൂർത്തീകരിക്കുന്ന ഘട്ടത്തിലേ ഉണ്ടാകൂ.

Share this post

scroll to top