ഫസ്റ്റ് ബെല്ലിന്റെ തുടർ പഠനത്തിനായി കോഴിക്കോട് ജില്ലയിൽ പുതിയ പഠന സംവിധാനം

കോഴിക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ‘ഫസ്റ്റ് ബെൽ’ ഓൺലൈൻ പഠന പദ്ധതിയിലൂടെ ലഭിക്കുന്ന ക്ലാസുകളുടെ തുടർപഠനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ പുതിയ സംവിധാനം ഒരുങ്ങി. കോഴിക്കോട് കലക്ടർ എസ്. സാംബശിവറാവുവിന്റെ നേതൃത്വത്തിലാണ് ഓൺലൈൻ ക്ലാസുകളുടെ തുടർപ്രവർത്തനങ്ങൾക്കായി ഇ-പ്ലാറ്റ്ഫോം ഒരുക്കിയത്. വിക്ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്ലാസുകൾക്ക് ശേഷമുള്ള തുടർപ്രവർത്തനങ്ങൾ പലയിടത്തും പലവിധത്തിലാണ് നടക്കുന്നതെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി തയ്യാറാക്കിയത്.


വിദ്യാഭ്യാസ വിദഗ്ധരുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസുകളിലൂടെയാണ് തുടർപഠനപ്രവർത്തനങ്ങൾക്കുള്ള ഇ-കണ്ടന്റുകൾ വികസിപ്പിക്കുന്നത്. പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളിലേക്കും എത്തുംവിധമാണ് പഠന രീതി തയ്യാറാക്കുന്നത്.
വിക്ടേഴ്‌സ് ക്ലാസുകൾ കഴിഞ്ഞ് കുട്ടികളുടെ തുടർപഠനത്തിനായി പലതരത്തിലുള്ള ഇന്റർനെറ്റ് ഉള്ളടക്കങ്ങളാണ് ഇപ്പോൾ സ്കൂളുകളിൽ നിന്നും അധ്യാപകരിൽ നിന്നും വിദ്യാർഥികൾക്ക് ലഭിക്കുന്നത്. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ഓൺലൈൻ ആപ്പ് വഴിയും ലഭിക്കുന്ന തുടർപഠനനിർദേശങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അമിതഭാരമുണ്ടാക്കുന്നുമുണ്ട്. ഓരോ കുട്ടിയെയും നേരിട്ടറിയുന്ന അധ്യാപകരുടെ പങ്കാളിത്തം പദ്ധതിയിൽ ഉറപ്പാക്കുന്നുണ്ട്. പൊതുപഠനകേന്ദ്രങ്ങളിലെത്തുന്ന കുട്ടികൾക്കും വീടുകളിലിരിക്കുന്ന കുട്ടികൾക്കും ഒരേതരത്തിലുള്ള തുടർപ്രവർത്തനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് കളക്ട്രേറ്റിലെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സാങ്കേതികസഹയത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസവകുപ്പിന് പുറമെ ഡയറ്റ്, സമഗ്രശിക്ഷാ കേരളം എന്നിവയുടെ സഹകരണത്തോടെയാണ് ഇ-കണ്ടെന്റ് വികസിപ്പിക്കുന്നത്.


Share this post

scroll to top