തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി ബി എസ് ഇ /ഐ സി എസ് ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒഇസി വിദ്യാർത്ഥികൾക്കും, ആറ് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ള ഇതര സമുദായത്തിലെ വിദ്യാർത്ഥികൾക്കും ഉള്ള ഇ ഗ്രാന്റ്സ് തുകയുടെ വിതരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ പ്രധാന അധ്യാപകർ അടുത്ത മാസത്തിനുള്ളിൽ ഓൺലൈൻ ആയി സമർപ്പിക്കണമെന്നാണ് പിന്നോക്ക വികസന വകുപ്പ് പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നത്. പ്രധാന അധ്യാപകർ www.egrantz.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി ജൂലൈ 31നകം വിവരങ്ങൾ സമർപ്പിക്കണം. തുക ഇ -ഗ്രാന്റ്സ് 3.0 എന്ന പോർട്ടൽ വഴിയാണ് വിതരണം ചെയ്യുകയെന്നും പിന്നോക്ക വികസന വകുപ്പ് അറിയിച്ചു.
വിദ്യാർഥികളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനായി മുൻവർഷങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള യൂസർ നെയിം പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ചാണ് അധ്യാപകർ ഇ ഗ്രാന്റ്സ് പോർട്ടൽ ലോഗിൻ ചെയ്യണ്ടത്. പുതുതായി സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ മാത്രമേ പ്രത്യേകം ഡാറ്റാ എൻട്രി നടത്തേണ്ടതുള്ളൂ. മുൻവർഷം ഈ ഗ്രാൻഡ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളെ promote ഓപ്ഷൻ ഉപയോഗിച്ച് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകിയാൽ മതിയാകുമെന്നും നിർദ്ദേശത്തിൽ പറയുന്നു. അധ്യാപകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ഈ ഗ്രാൻഡ്സ് പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്യാം.