മുഴുവൻ ഡിടിഎച്ചുകളിലും കൈറ്റ് വിക്ടേഴ്‌സ് ചാനൽ ലഭ്യമാക്കാൻ നടപടി

തിരുവനന്തപുരം: ജൂൺ ആദ്യവാരത്തോടെ ഭൂരിഭാഗം ഡിടിഎച്ച് സംവിധാനത്തിലും കൈറ്റ് വിക്ടേഴ്‌സ് ചാനൽ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. നിലവിൽ ഭൂരിഭാഗം ഡിടിഎച്ച് കണക്ഷനുകളിലും വിക്ടേഴ്‌സ് ചാനൽ ലഭ്യമല്ല. ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ ഡിടിഎച്ച് ഉപയോഗിക്കുന്ന വീടുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടമാകുമെന്ന അഭിപ്രായം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ഡിടിഎച്ച് വഴി കൈറ്റ് സംപ്രേക്ഷണം ആരംഭിക്കാൻ നടപടി തുടങ്ങിയത്. ഡിടിഎച്ച് സംവിധാനം കേന്ദ്ര സർക്കാരിന്റെ പരിധിയിൽ ആയതിനാൽ മുഖ്യമന്ത്രി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. പല കമ്പനികളും കൈറ്റ് വിക്ടേഴ്‌സുമായി ബന്ധപ്പെട്ടിട്ടുണ്ട്. ജൂൺ ആദ്യവാരത്തോടെ മുഴുവൻ ഡിടിഎച്ച് കമ്പനികളും വിക്‌ടേഴ്‌സ് ചാനൽ ഉൾപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Share this post

scroll to top