വിദ്യാർത്ഥികൾ എത്തിതുടങ്ങി: വിഎച്ച്എസ്ഇ പരീക്ഷ അല്പസമയത്തിനകം

തിരുവനന്തപുരം: സ്കൂള്‍തല പൊതുപരീക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്കായി സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികൾ എത്തിതുടങ്ങി. അല്പസമയത്തിനകം പരീക്ഷാ നടപടികൾ ആരംഭിക്കും. കർശന ആരോഗ്യസുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. കൈകൾ ശുചീകരിച്ച് തെർമൽ സ്കാനിംഗ് നടത്തിയാണ് കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കയറ്റി വിടുന്നത്. ഇന്ന് എസ്.എസ്.എല്‍.സി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളാണ് നടക്കുന്നത്. രാവിലെ വോക്കഷണൽ ഹയർ സെക്കൻഡറി പരീക്ഷയും ഉച്ചക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും.

നാളെ മുതല്‍ പ്ലസ്വൺ, പ്ലസ്ടു പരീക്ഷകളും തുടങ്ങും. സംസ്ഥാനത്ത് വിഎച്ച്എസ്ഇ പരീക്ഷയ്ക്കായി 389 കേന്ദ്രങ്ങളാണുള്ളത്. 56, 345 വിദ്യാർത്ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്നത്. ഉച്ചക്ക് നടക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് 4,22,450 വിദ്യാർത്ഥികൾ എത്തും. നാളെ രാവിലെ നടക്കുന്ന പ്ലസ്വൺ, പ്ലസ്ടു പരീക്ഷ എഴുതുന്നത് 4,00,704 വിദ്യാർത്ഥികളാണ്. നാളെ ഉച്ചക്ക് ശേഷം എസ്എസ്എൽസി പരീക്ഷ നടക്കും. സംസ്ഥാനത്തും ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലുമായി എസ്എസ്എൽസിക്ക് 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഹയർ സെക്കൻഡറിക്ക് 2032 കേന്ദ്രങ്ങളും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 389 കേന്ദ്രങ്ങളുമാണ് ഉള്ളത്.
മൂന്നു പരീക്ഷകള്‍ക്കുമായി 13 ലക്ഷം കുട്ടികളാണ് സ്കൂളുകളിലേക്ക് എത്തുന്നത്.

കുട്ടികളെ പരിശോധിക്കാനുള്ള 5000 തെർമൽ സ്കാനറുകളും കുട്ടികൾക്കുള്ള 25 ലക്ഷം മാസ്‌ക്കുകളും അധ്യാപകർക്ക് ആവശ്യമായ 5 ലക്ഷം ജോഡി ഗ്ലൗസുകളും വിതരണം ചെയ്തു കഴിഞ്ഞു. കർശന ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇന്ന് മുതൽ പരീക്ഷകൾ പുനരാരംഭിക്കുന്നത്.

Share this post

scroll to top