വിദ്യാലയങ്ങൾക്കുള്ള മാസ്‌ക്കുകളുടെ നിർമാണം തുടങ്ങി

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന 45 ലക്ഷം മാസ്ക്കുകളുടെ നിർമാണം ആരംഭിച്ചു. തിരുവനന്തപുരം സൗത്ത് യുആർസിയിലെ സത്രം സ്കൂളിലാണ് സംസ്ഥാന തലത്തിനുള്ള നിർമാണ ഉദ്ഘാടന ചടങ്ങുകൾ നടന്നത്. മന്ത്രി സി. രവീന്ദ്രനാഥാണ് നിർമ്മാണോദ്‌ഘടനം നിർവഹിക്കുക എന്ന് അറിയിപ്പുണ്ടായിരുനെങ്കിലും മന്ത്രിക്ക് എത്താൻ കഴിഞ്ഞില്ല. സമഗ്ര ശിക്ഷ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ. എ. പി. ഉണ്ണികൃഷ്ണൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. അടുത്ത അധ്യയന വർഷാരംഭം മുതൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുഖാവരണം (മാസ്ക് ) നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനായി സമഗ്ര ശിക്ഷ കേരളത്തെയാണ് ചുമതലപ്പെടുത്തിയത്.  കൊറോണ വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ നിർത്തിവെച്ച എസ്എസ്എൽസി,  ഹയർ സെക്കൻഡറി,  വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ പുന:രാരംഭിക്കുമ്പോൾ പരീക്ഷ എഴുതുന്ന കുട്ടികൾക്കും  ഇൻവിജിലേറ്റർ മാർക്കും മാസ്ക് നിർബന്ധമാണ്. കഴുകി അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള തുണിയിൽ നിർമ്മിച്ച 50 ലക്ഷം മാസ്കുകൾ ആണ് സമഗ്ര ശിക്ഷ കേരളത്തിലെ നേതൃത്വത്തിൽ തയ്യാറാക്കുന്നത്. ഓരോ ബിആർസിയും കുറഞ്ഞത് 30, 000 മാസ്കുകൾ ആണ് നിർമിക്കുന്നത്. മാസ്ക്കുകൾ 2020 മെയ് 15നു മുൻപ് തയ്യാറാക്കണം.ഓരോ സ്കൂളിനും ആവശ്യമായ എണ്ണം അതത് സ്കൂളുകളിൽ 30നകം എത്തിക്കണം. ഒരാൾക്ക് ഒരു മാസ്ക് എന്ന ക്രമത്തിലാണ് എത്തിക്കേണ്ടത്, പുതിയതായി അഡ്മിഷൻ ലഭിച്ച കുട്ടികൾക്കും മാസ്ക് നൽകണം. മാസ്കുകൾ സ്കൂളിലെത്തുമ്പോൾ കൈപ്പറ്റ് രസീത് വാങ്ങി ബിആർസികളിൽ സൂക്ഷിക്കേണ്ടതാണ്. നിർമാണത്തിനായി ചെലവഴിക്കുന്ന തുക 2020-21 വർഷത്തെ സൗജന്യ യൂണിഫോം അനുവദിക്കുന്ന തുകയിൽ നിന്നാണ് ഉപയോഗിക്കുന്നത്. മാസ്കിന് ആവശ്യമായ സാധനങ്ങൾ വാങ്ങുമ്പോൾ സ്റ്റോർ പർച്ചേസ് റൂൾ കൃത്യമായി പാലിച്ചിരിക്കണമെന്നും നിർദേശമുണ്ട്.

Share this post

scroll to top