എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ലോക്ഡൗണിനു ശേഷം നടത്തും: മന്ത്രി സി. രവീന്ദ്രനാഥ്

മൂല്യനിർണയവും സ്കൂൾ പ്രവേശനവും നിശ്ചിത സമയത്തിൽ പൂർത്തിയാക്കും

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ശേഷിക്കുന്ന പരീക്ഷകൾ ലോക്ഡൗൺ പിൻവലിച്ചതിനു ശേഷം നടത്തുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ഈ പരീക്ഷകൾ എഴുതാൻ വിദ്യാർത്ഥികൾ തയ്യാറായി ഇരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ചാനൽ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒൻപതാം ക്ലാസ് വരെയുള്ള എല്ലാ പരീക്ഷകളും ഒഴിവാക്കിയിട്ടുണ്ട്. മറ്റു ക്ലസുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷകൾ നഷ്ടമാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ശേഷിക്കുന്ന പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് സുസജ്ജമാണ്. എന്നാൽ ലോക്ഡൗൺ പിൻവലിക്കുന്നത് അനുസരിച്ചു മാത്രമേ പരീക്ഷകൾ നടത്താനാകൂ. നേരത്തെ നടന്നിരുന്ന അതെ മാതൃകയിൽ തന്നെയാണ് പരീക്ഷകൾ നടത്തുക.ശേഷിക്കുന്ന പരീക്ഷകൾ ഓൺലൈൻ വഴി നടത്തുന്ന കാര്യം ആലോചനയിൽ ഇല്ല. പരീക്ഷകൾ പൂർത്തീകരിച്ചാൽ മൂല്യനിർണ്ണയവും സ്കൂൾ പ്രവേശനവും നിശ്ചിത സമയത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Share this post

scroll to top