മലപ്പുറം: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് 19 കൂടുതൽ വ്യാപിച്ച സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസി മലയാളികളെ ക്വാറന്റൈൻ ചെയ്യാൻ സ്വന്തം കെട്ടിടങ്ങൾ വിട്ടുനൽകുമെന്ന് കടകശ്ശേരി ഐഡിയൽ. ആരോഗ്യ പ്രവർത്തകർക്കൊപ്പം ആവശ്യമായ പരിചരണങ്ങളും സഹായങ്ങളും ചെയ്യാൻ ഐഡിയൽ ജീവനക്കാർ സജ്ജമാണെന്നും ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ എന്നിവർ സംസ്ഥാന സർക്കാരിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം ഐഡിയൽ സ്ഥാപനങ്ങൾ സന്ദർശിച്ച തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുന്നാസർ, പഞ്ചായത്ത് സെക്രട്ടറി ടി അബ്ദുൽസലീം, പഞ്ചായത്ത് മെമ്പർ ബാബു എന്നിവരോടൊപ്പം ആരോഗ്യ പ്രവർത്തകർ സ്ഥാപനം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.

മുഴുവൻ സമയവും വൈദ്യതിയും (ജനറേറ്റർ അടക്കം) വെള്ളവും ലഭ്യമാകുന്ന മികച്ച സൗകര്യങ്ങളോടെയുള്ള നിരവധി കെട്ടിടങ്ങളുള്ള ഐഡിയൽ സ്ഥാപനങ്ങളിൽ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യം തൃപ്തികരമാണെന്ന് കണ്ടെത്തി.

കേരളത്തിന്റെ വൈജ്ഞാനിക സാമൂഹിക പുരോഗതിക്കു തുല്യതയില്ലാത്ത സംഭാവനകൾ നൽകിയവരാണ് ഗൾഫ് പ്രവാസികൾ.
കോവിഡ് 19 ഗൾഫ് രാജ്യങ്ങളിൽ വ്യാപിക്കുന്ന ഈ ഘട്ടത്തിൽ അവരിൽ പലരും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ലോക് ഡൌൺ കഴിയുന്ന ഉടനെ വിവിധ ഗൾഫ് രാജ്യങ്ങളിലെ മലയാളികളിൽ നാട്ടിൽ മടങ്ങാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ യാത്രാ സംവിധാനങ്ങൾ ഗവൺമെൻ്റ് കൾ ഒരുക്കിക്കൊടുക്കണമെന്നും ട്രസ്റ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.