ലോക്ക്ഡൗൺ കാലം സർഗാത്മകമാക്കാൻ മാർഗനിർദേശങ്ങളുമായി മറവഞ്ചേരി ഹിൽടോപ് അധ്യാപകർ

മലപ്പുറം : ഈ ലോക്ക്ഡൗൺകാലം വിദ്യാർത്ഥികൾ മടിപിടിച്ച് വെറുതെ തള്ളിക്കളയാതിരിക്കാൻ ഫലപ്രദമായ മാർഗനിർദേശങ്ങളുമായി മലപ്പുറം മറവഞ്ചേരി ഹിൽടോപ് അധ്യാപകർ. കൊറോണക്കാലത്തെ ആശങ്ക അകറ്റുന്നതിനും ജാഗ്രത പാലിക്കുന്നതിനുമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഫോണിലൂടെ ബോധവത്കരണവും കൗൺസലിങും നടത്തി വരികയാണ് ഈ അധ്യാപകർ. ലോക്ക്ഡൗൺ കാലത്തെ പഠനപ്രവർത്തനങ്ങൾ എന്ന പേരിൽ ഓരോ വിഷയത്തിലും അതാത് ക്ലാസുകൾക്ക് അനുയോജ്യമായ സർഗാത്മകവും അന്വേഷണാത്മകവുമായ പഠനപ്രവർത്തനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നുണ്ട്. അവ മൂല്യനിർണയവിധേയമാക്കുന്നതിനുള്ള സംവിധാനവും സ്കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.

ഇതിലൂടെ പരീക്ഷകൾക്കതീതമായ വ്യക്ത്യധിഷ്ഠിത പഠനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അധ്യാപകർ.

കൂടാതെ വ്യത്യസ്ത അപ്ലിക്കേഷനുകൾ വഴി ലൈവായി ക്ലാസ്സുകൾ കാണുവാനും സംശയങ്ങൾ ദുരീകരിക്കുവാനും പരീക്ഷനടത്തുവാനും പരീക്ഷാമൂല്യനിർണയം നടത്തുവാനുമുള്ള സൗകര്യവും സ്കൂൾ ലഭ്യമാക്കുന്നുണ്ട്. സാമൂഹിക അകലവും ശാരീരിക ശുചിത്വവും പാലിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി അധ്യാപകർ നിർമിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

Share this post

scroll to top