ഈ മാസത്തെ ഉച്ചഭക്ഷണ പദ്ധതിയിലെ അരി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ നിർദേശം

Mar 16, 2020 at 3:55 pm

Follow us on

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ നീക്കിയിരിപ്പുള്ള അരി ഈ മാസംതന്നെ വിദ്യാർഥികൾക്ക് വിതരണം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കൊറോണ വൈറസ് ഭീഷണിയെ തുടർന്ന് സംസ്ഥാനത്തെ ഏഴു വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. എല്ലാ സ്കൂളുകളിലും മാർച്ച് മാസത്തേക്ക് ആവശ്യമായ അരി നീക്കിയിരിപ്പ് ഉള്ളതായും ഇൻഡൻഡ് ചെയ്ത അരി സപ്ലൈകോയിൽ നിന്ന് എടുക്കാൻ നിർദ്ദേശം ലഭിക്കുന്നതായും അറിയിക്കുന്നുണ്ട്. മാർച്ച് മാസത്തിനുശേഷം മധ്യവേനലവധി കൂടി വരുന്നതിനാൽ മേൽപ്പറഞ്ഞ അരി അടുത്ത അധ്യയന വർഷത്തേക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഇത്രയും അധികം അരി 3മാസത്തോളം സ്കൂളുകളിൽ സൂക്ഷിക്കാൻ കഴിയില്ല എന്നതും അരി ഉപയോഗശൂന്യമാകും എന്നതും കണക്കിലെടുത്താണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. മാർച്ച്‌ മാസത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് പുറത്തിറക്കിയ നിർദേശങ്ങൾ ഇവയാണ്.

\"\"
  • മാർച്ച്‌ മാസത്തിൽ ഇൻഡൻഡ് ചെയ്തു നൽകിയ അരി മാവേലി സ്റ്റോറുകളിൽ നിന്ന് ശേഖരിച്ച് അതത് സ്കൂളുകളിൽ സൂക്ഷിക്കാൻ നിർദേശം നൽകണം.
  • ലഭിച്ച അരിയുടെ സ്റ്റോക്ക് എൻട്രി സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തിയതിനു ശേഷമേ എൻഎംപി, കെ2 എന്നിവ സ്കൂളിൽ നിന്ന് സ്വീകരിക്കാൻ പാടൂ.
  • മാർച്ച്‌ മാസത്തെ 22 പ്രവർത്തി ദിവസങ്ങളിലെ അരിയാണ് നീക്കിയിരിപ്പുണ്ടാവുക. ഈ അരിയാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട എൽപി, യുപി (എട്ടാം ക്ലാസ് അടക്കമുള്ള ) വിദ്യാർത്ഥികൾക്ക് എണ്ണത്തിനു അനുസരിച്ച് വീതിച്ചു നൽകേണ്ടത്.
  • ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾ ഈ മാസം 31നകം സ്കൂളിൽ നേരിട്ടെത്തി അരി കൈപ്പറ്റണം. അരിവിതരണ സമയത്തെ തിരക്ക് ഒഴിവാക്കാൻ ശ്രമിക്കണം.
  • വിതരണം ചെയ്യുന്ന അരിയുടെ അക്വിറ്റൻസ് കൃത്യമായി സ്കൂളുകളിൽ സൂക്ഷിക്കണം.
  • എൽപി, യുപി സ്കൂളുകളിൽ ഈ അധ്യയന വർഷത്തിൽ
    ക്ലാസുകൾ ഇല്ലാത്തതിനാൽ പാചക തൊഴിലാളികളുടെ വേതനവും മറ്റു ചിലവുകളും ഉടൻ തീർക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ സി.എ. സന്തോഷ്‌ അറിയിച്ചു.

Follow us on

Related News