പത്തനംതിട്ട: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന പോലീസ് ആരംഭിച്ച കുഞ്ഞേ നിനക്കായ് ക്യാംപയിന് മികച്ച പ്രതികരണം. കുട്ടികള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുക, അവര്‍ക്ക് സുരക്ഷയൊരുക്കുക, കുട്ടികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുന്ന വിവിധ മേഖലകളിലെ ആളുകള്‍ക്ക് ബോധവല്‍ക്കരണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന പോലീസ് നവംബര്‍ 28,29,30 തീയതികളിലാണ് ക്യാംപയിൻ നടത്തിയത്. തൃശൂരില്‍ തേക്കിന്‍കാട് മൈതാനിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റയാണ് തുടക്കമിട്ടത്. ക്യംപയിന്റെ ഭാഗമായി 17 മിനിറ്റ് ദൈര്‍ഘ്യമുള്ള പോക്‌സോ നിയമങ്ങളും ശിക്ഷയും, ഇടപെടലുകളും വ്യക്തമാക്കുന്ന വീഡിയോ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചു. രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മാധ്യമ രംഗത്തുള്ളവര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ച് നടത്തിയ പരിപാടിയിലൂടെ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ സമൂഹമനസാക്ഷിയെ ഉണര്‍ത്തുക, കുറ്റവാളികള്‍ക്ക് കഠിനശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയവയും ലക്ഷ്യങ്ങളായിരുന്നു. രണ്ടു മിനിറ്റ് നീളുന്ന സ്ലൈഡ് പ്രദര്‍ശനം, 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ചാക്യാര്‍കൂത്ത് വീഡിയോ, അഞ്ച് മിനിറ്റില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം എന്നിവ ഉള്‍പ്പെടെയുള്ള 17 മിനിറ്റ് ആണ് പരിപാടി. വിവിധ സ്റ്റേഷനുകളിലെ പരിപാടികളില്‍ സിഐമാര്‍, എസ്‌ഐമാര്‍ തുടങ്ങിയവര്‍ വിഷയം വിശദീകരിച്ചു സംസാരിച്ചു. കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ 2012-ല്‍ നിലവില്‍ വന്ന പോക്‌സോ നിയമം ശക്തമായ പ്രയോഗവത്ക്കരണത്തിലൂടെ ഈ ലക്ഷ്യം ഒരു പരിധിവരെ കൈവരിക്കാനാകുമെന്ന് പോലീസ് കരുതുന്നു. അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് തടയേണ്ടതിന്റെ ആവശ്യകത മനസിലാക്കി സംസ്ഥാന പോലീസ് മേധാവി അണിയിച്ചൊരുക്കിയ വീഡിയോ പ്രദര്‍ശനം വന്‍ ജനക്കുട്ടത്തെ ആകര്‍ഷിച്ചു. കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കാര്യക്ഷമമായി അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കുകയും 30 ദിവസത്തിനകം കോടതികളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും, കഠിനശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധിക്കും എന്നുള്ള ചിന്തയിലൂടെയാണ് ആശയം ഉടലെടുത്തത്. ദീര്‍ഘ ലക്ഷ്യം മുന്നില്‍ കണ്ട് ഇത്തരം പരിപാടികളിലൂടെ സംസ്ഥാന പോലീസ് സജീവമായി ഇടപെടലുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങളില്‍ അടൂര്‍, ആറന്മുള, പത്തനംതിട്ട, ഏനാത്ത് തുടങ്ങിയ പ്രധാന പോലീസ് സ്റ്റേഷനുകളില്‍ എല്ലാംതന്നെ പരിപാടി അവതരിപ്പിക്കാന്‍ സാധിച്ചു. ആയിരക്കണക്കിനാളുകളില്‍ ബോധവല്‍ക്കരണ സന്ദേശം എത്തിക്കാന്‍ ഇതുവഴി സാധിച്ചു. പ്രധാന കേന്ദ്രങ്ങളില്‍ നടത്തിയ പ്രദര്‍ശനം കാണാന്‍ വന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടായത് ശ്രദ്ധേയമായി. കുഞ്ഞുങ്ങളുടെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുന്ന വ്യത്യസ്ത മേഖലകളിലുള്ളവരുടെ മനോഭാവത്തില്‍ ദൂരവ്യാപകമായ മാറ്റം വരുത്തുക വഴി കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ക്യാമ്പയിന്റെ മുഖ്യലക്ഷ്യങ്ങളില്‍ മറ്റൊന്ന്. ജില്ലാതല സമാപന പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് നിര്‍വഹിച്ചു. എല്ലാ എസ് എച്ച് ഓമാരും മൂന്നു ദിവസങ്ങളിലായി കുറഞ്ഞത് ദിവസവും മൂന്നു പരിപാടികള്‍ നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. സംസ്ഥാനമൊട്ടാകെ ഇത്തരത്തില്‍ കുറഞ്ഞത് അഞ്ചു ലക്ഷം ആളുകളുടെ മനസുകളില്‍ ഇതിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതിനുപുറമേ സാമൂഹ്യ- ദൃശ്യമാധ്യമങ്ങളിലൂടെയും ക്യാമ്പയിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു. തികച്ചും വ്യത്യസ്തവും മനസുകളിലേക്ക് ആഴത്തില്‍ എളുപ്പം സന്നിവേശിപ്പിക്കാന്‍ കഴിയുന്നതുമായ രീതിയില്‍ 10 മിനിറ്റ് നീളുന്ന ചാക്യാര്‍കൂത്ത് വീഡിയോ മുഖ്യ ആകര്‍ഷണമാണ്. ലൈംഗികാതിക്രമം വിഷയമാക്കിയ വീഡിയോ ബോധവല്‍ക്കരണത്തിന് ഏറ്റവും അനുഗുണമാകും വിധമാണ് തയാറാക്കിയിരിക്കുന്നത്. 12 മിനിറ്റ് വീഡിയോ പ്രദര്‍ശനത്തിനുശേഷം അഞ്ചു മിനിറ്റ് ഉപസംഹാരത്തോടെ സമാപിക്കുന്ന പരിപാടി മൂന്നുദിവസങ്ങളിലായി ജില്ലയിലെ പതിനായിരക്കണക്കിന് ആളുകളില്‍ എത്തിക്കാന്‍ സാധിച്ചതായി ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അറിയിച്ചു.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...