തിരുവനന്തപുരം: 2020ലെ ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമായി തുടങ്ങി. രേഖകൾ സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഇത്. കേരള സംസ്ഥാന ഐ. ടി. മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ എന്നിവയുടെ സഹകരണത്തോടെ ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗമാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്.
ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്. https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും, ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്. ആദ്യമായി രജിസ്റ്റർ ചെയ്യാൻ മുകളിൽ പറഞ്ഞ വെബ്‌സൈറ്റിൽ പ്രവേശിച്ച് sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്‌ത് മൊബൈൽ നമ്പർ നൽകണം. ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‍വേർഡ് (otp) നൽകിയ ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനേമും പാസ്സ്‌വേർഡും നൽകണം. അതിനു ശേഷം ആധാർ നമ്പർ ഇതിലേക്ക് ലിങ്ക് ചെയ്യണം. ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാകുന്നതിനായി ലോഗിൻ ചെയ്‌ത് ശേഷം \”Get issued documents\” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. education എന്ന സെക്ഷനിൽ നിന്ന് \”board of higher secondary examination, kerala\” തിരഞ്ഞെടുക്കുക. തുടർന്ന് \’class XII PASSING CIRTIFICATE\’ സെലക്ട് ചെയ്യുകയും തുടർന്ന് രെജിസ്റ്റർ നമ്പറും വർഷവും, പരീക്ഷാ ടൈപ്പും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗ്ഗ നിർദ്ദേശം പിന്തുടർന്നാൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാവുന്നതാണ്.
ഡിജിലോക്കർ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി 1800-4251-1800, 0471-2335523 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.