തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിലെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വാക്കൻസി വിവരങ്ങൾ നവംബർ 2 ന് www.hscap.kerala.in ൽ പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ സീറ്റ് ലഭിക്കാതിരുന്ന വിദ്യാർത്ഥികൾക്കും, നേരത്തെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും പുതിയ അപേക്ഷകൾ സമര്‍പ്പിക്കാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർ, അലോട്ട്മെന്റിൽ നോൺ-ജോയ്‌നിങ് ആയവർ, പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ കഴിയില്ല. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി നവംബർ 5ന് വൈകീട്ട് 5 മണിയ്ക്കുള്ളിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Renew Application എന്ന ലിങ്കിലൂടെ പുതുക്കൽ അപേക്ഷ സമർപ്പിക്കണം.
മുഖ്യഘട്ടത്തില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവരിൽ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാൻസ്ഫറിന് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് നവംബർ 2 ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം. യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയുടെ അസ്സലുകളുമായി നിശ്ചിത സമയത്ത് പ്രവേശനം നേടണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.