തൃശൂർ: 64-ാമത് കേരള സ്കൂൾ സംസ്ഥാന കലോത്സവത്തിന് തൃശൂർ ഒരുങ്ങി. ജനുവരി 14 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ 24 വേദികളിലായി 249 ഇനങ്ങളിൽ 15,000ത്തോളം കലാപ്രതിഭകൾ മത്സരിക്കും.കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 14ന് രാവിലെ 10ന് തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ് ഗോപി മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന മന്ത്രിമാരായ ഡോ. ആർ. ബിന്ദു, ശ്രീ. കെ. രാജൻ, ശ്രീ. കെ.എൻ. ബാലഗോപാൽ, ശ്രീ. പി. രാജീവ് തുടങ്ങിയ പ്രമുഖരും ജനപ്രതിനിധികളും സാംസ്‌കാരിക നായകരും ചടങ്ങിൽ സംബന്ധിക്കും.
സംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രി
തിരുവനന്തപുരം: 2025 ഓഗസ്റ്റ് 31ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സർവീസിലുള്ള 1,46,301 അധ്യാപകരിൽ 75,015 പേർക്ക് കെ-ടെറ്റ് യോഗ്യതയില്ല.
മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് (K-TET) യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് പരമാവധി അവസരങ്ങൾ സർക്കാർ ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. അധ്യാപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ യോഗ്യത നേടാൻ അവസരമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി കൂടുതൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത കെ-ടെറ്റ് പരീക്ഷ ഫെബ്രുവരി മാസത്തിൽ തന്നെ നടത്തുന്നതാണ്.
എന്നാൽ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത 75,015 അധ്യാപകരിൽ
വലിയൊരു വിഭാഗത്തിന് സുപ്രീം കോടതി വിധിയുടെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.








