തിരുവനന്തപുരം:വിദ്യാഭ്യാസ അവകാശ നിയമം കർശനമായി പാലിച്ചുകൊണ്ട്, എൽ.പി, യു.പി സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ അടിയന്തരമായി സ്കൂളുകൾ ആരംഭിക്കണമെന്ന ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി സംസ്ഥാന സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. മലപ്പുറം ജില്ലയിലെ എലമ്പ്രയിൽ സ്കൂൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധി മാനിക്കുന്നുവെങ്കിലും, വിധിയിലെ പരാമർശങ്ങൾ കണക്കിലെടുത്ത് പുനഃ പരിശോധന ഹർജി നൽകുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിലുള്ളതെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, നീതി ആയോഗ് എന്നിവയുടെ കണക്കുകൾ പ്രകാരം കേരളം വിദ്യാഭ്യാസത്തിൽ ബഹുദൂരം മുന്നിലാണ്.100% സാക്ഷരതയോടെ കേരളം ഇന്ത്യയിൽ ഒന്നാമതാണ്. ദേശീയ ശരാശരി എത്രയോ താഴെയാണ്.
കേരളത്തിലെ ജനവാസ മേഖലകളിൽ ഭൂരിഭാഗത്തും 1-2 കിലോമീറ്റർ ചുറ്റളവിൽ സർക്കാർ/എയ്ഡഡ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ കൊഴിഞ്ഞുപോക്ക് കേരളത്തിൽ ഏതാണ്ട് പൂജ്യത്തിന് അടുത്താണ്. ഇത് ദേശീയ സാഹചര്യങ്ങളേക്കാൾ എത്രയോ മികച്ചതാണ്. അതായത്, സ്കൂൾ ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ ഒരു കുട്ടിക്കും പഠനം നിഷേധിക്കപ്പെടുന്നില്ല. മലപ്പുറം എലമ്പ്രയിലെ സ്കൂളിന്റെ കാര്യത്തിൽ, അവിടെ സൗജന്യമായി ഭൂമിയും കെട്ടിടവും ലഭ്യമാക്കാമെന്ന് തദ്ദേശസ്ഥാപനം അറിയിച്ച സാഹചര്യത്തിൽ, അത് പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണിത്.
എന്നാൽ, അത് ശാസ്ത്രീയവും പ്രായോഗികവുമായ രീതിയിലായിരിക്കണം നടപ്പിലാക്കേണ്ടത് എന്നതാണ് സർക്കാരിന്റെ നിലപാട്.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മികച്ചുനിൽക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയിസ് പ്ലസ് റിപ്പോർട്ടുകളും ഏറ്റവും പുതിയ പി.ജി.ഐ സൂചികയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങൾ. നമ്മുടെ രാജ്യത്തെ സ്‌കൂളുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അന്തരം പരിശോധിക്കുമ്പോൾ കേരളം പുലർത്തുന്ന ഗുണനിലവാരം വ്യക്തമാകും. ഉദാഹരണത്തിന്, ഇരുപത്തിനാല് കോടിയിലധികം ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ ഏകദേശം രണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഓരോ സ്‌കൂളിലും പഠിക്കുന്ന കുട്ടികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ അവിടെ വലിയ സമ്മർദ്ദമാണുള്ളത്. അതുപോലെ, പതിമൂന്ന് കോടിയിലധികം ജനസംഖ്യയുള്ള ബിഹാറിൽ തൊണ്ണൂറ്റി മൂവായിരത്തോളം സ്‌കൂളുകൾ മാത്രമാണുള്ളത് എന്നത് ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ വളരെ കുറവാണെന്നും, ഇത് ക്ലാസ് മുറികളിലെ തിക്കിത്തിരക്കിന് കാരണമാകുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള നമ്മുടെ കേരളത്തിൽ പതിനാറായിരത്തോളം സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്. സ്‌കൂളുകളുടെ എണ്ണത്തേക്കാൾ ഉപരി, ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്ന ശ്രദ്ധയ്ക്കും സൗകര്യങ്ങൾക്കുമാണ് നമ്മൾ മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ അധ്യാപക-വിദ്യാർത്ഥി അനുപാതത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ദേശീയ ശരാശരിയേക്കാൾ ബഹുദൂരം മുന്നിലെത്താൻ നമുക്ക് സാധിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ നിലവാരം അളക്കാൻ ഉപയോഗിക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിലും കേരളം മുൻനിരയിലാണ്.
സ്‌കൂളുകളുടെ എണ്ണം മാത്രം നോക്കാതെ, പഠന നിലവാരം, സൗകര്യങ്ങൾ, തുല്യത എന്നിവയെല്ലാം പരിഗണിക്കുന്ന ഈ സൂചികയിൽ കേരളം പ്രഥമ ശ്രേണിയിൽ സ്ഥാനം നിലനിർത്തുന്നു എന്നത് നമുക്ക് അഭിമാനകരമാണ്. സാക്ഷരത, അധ്യാപക പരിശീലനം, ഭൗതിക സാഹചര്യങ്ങൾ എന്നിവയിൽ പഞ്ചാബ്, ചണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചുരുക്കത്തിൽ,സ്‌കൂളുകളുടെ എണ്ണം കൂട്ടുക എന്നതിലുപരി, നിലവിലുള്ള സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന നയമാണ് നമ്മൾ സ്വീകരിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ സമഗ്രമായ ഗുണനിലവാരത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഈ കണക്കുകൾ അടിവരയിടുന്നു.







.jpg)



