തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരം കൂടുതൽ ഉയർത്തുന്നതിന്റെ ഭാഗമായി ഈ അധ്യയന വർഷം കൂടുതൽ കൂടുതൽ ക്ലാസുകളിൽ സബ്ജക്ട് മിനിമം (മിനിമം മാർക്ക്)ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഷയത്തിലും 30ശതമാനം മാർക്ക് ലഭിച്ചില്ലെങ്കിൽ വേനൽ അവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകളിൽ പങ്കെടുത്ത് സേ പരീക്ഷ എഴുതേണ്ടി വരും. കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസിൽ ഏർപ്പെടുത്തിയ മിനിമം മാർക്ക് സമ്പ്രദായം ഈ അധ്യയന വർഷത്തിൽ മറ്റു 4 ക്ലാസുകളിൽ കൂടി ഏർപ്പെടുത്തി. 5 മുതൽ 9 വരെയുള്ള ക്ലാസുകളിലാണ് ഈ വർഷം സബ്ജക്റ്റ് മിനിമം നടപ്പിലാക്കിയിട്ടുള്ളത്.
പഠനലക്ഷ്യങ്ങൾ കൈവരിക്കാത്ത കുട്ടികളെ അടുത്ത ക്ലാസിലേക്ക് പ്രവേശിപ്പിക്കുന്നത് അവരെ പിന്നോട്ടടിപ്പിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈ തീരുമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇങ്ങനെയുള്ള കുട്ടികൾക്ക് ആവശ്യമായ പഠനപിന്തുണ നൽകി, ബ്രിഡ്ജ് കോഴ്‌സുകളിലൂടെയും പുനഃപരീക്ഷകളിലൂടെയും അവരെ പഠനത്തിൽ മുന്നോട്ട് കൊണ്ടുവരാൻ നാം പ്രതിജ്ഞാബദ്ധരാണ്. പഠനനിലവാരം ഉറപ്പാക്കാൻ ഡയറ്റും എസ്.എസ്.കെ.യും അക്കാദമിക പിന്തുണ നൽകും. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയും അക്കാദമിക മാസ്റ്റർ പ്ലാനും പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം കൂടുതൽ ഉയർത്താനും പഠനലക്ഷ്യങ്ങൾ ഉറപ്പാക്കാനും ആവിഷ്‌കരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഇതിനായി എട്ട് മേഖലകളിലായി വിശദമായ പ്രവർത്തന പദ്ധതി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂൾ, ക്ലാസ്, വ്യക്തിഗത തലങ്ങളിൽ അക്കാദമിക് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓരോ കുട്ടിയുടെയും പഠന പുരോഗതി ഉറപ്പാക്കാൻ ഇത് അധ്യാപകരെ സഹായിക്കും. ഒട്ടേറെ വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കിയാണ് നാം ഈ നേട്ടം കൈവരിച്ചത്. അക്കാദമിക് മോണിറ്ററിംഗിനായി പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ, സഹിതം പോർട്ടലിലൂടെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനനില നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.










