തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ (മെയ് 25) ജനപങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കരമന ബോയ്സ് എച്ച് എസിലാണ് ഉദ്ഘാടനം. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ എൽ പി വിഭാഗത്തിൽ 2597 സ്കൂളുകളും യുപി വിഭാഗത്തിൽ 872 സ്കൂളുകളും ഹൈസ്കൂൾ വിഭാഗത്തിൽ 1228 സ്കൂളുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ 819 സ്കൂളുകളും ഉണ്ട്. എയ്ഡഡ് മേഖലയിൽ എൽ പി വിഭാഗത്തിൽ 3903 സ്കൂളുകളും യുപി വിഭാഗത്തിൽ 1871 സ്കൂളുകളും ഹൈസ്കൂൾ വിഭാഗത്തിൽ 1434 സ്കൂളുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ 846 സ്കൂളുകളും ആണുള്ളത്.
അങ്ങിനെ മൊത്തം 13,570 സ്കൂളുകളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം ഇന്നുമുതൽ നടക്കും. എല്ലാ തൊഴിലാളി, മഹിളാ, യുവജന, വിദ്യാർത്ഥി സംഘടനകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. സ്‌കൂൾ പരിസരം, ക്ലാസ് മുറികൾ, ടോയ്‌ലറ്റ്, കുട്ടികൾ പെരുമാറുന്ന മറ്റു പൊതുവായ സ്ഥലങ്ങൾ എന്നിവയെല്ലാം വൃത്തിയാക്കേണ്ടതുണ്ട്. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. സ്‌കൂളുകളിൽ തുടർച്ചയായി അടഞ്ഞു കിടക്കുന്നതുമൂലം ഇഴജന്തുക്കൾ കയറിയിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത്തരം ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യം ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.