ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
തിരുവനന്തപുരം: ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയത്തിനായി പുതുക്കിയ പരീക്ഷാ മാന്വൽ പ്രകാരം ഓരോ അധ്യാപകനും മൂല്യനിർണ്ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ വരുത്തിയ മാറ്റം വീണ്ടും പുന:ക്രമീകരിച്ചു. ചില അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് ഒരുദിവസം നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വീണ്ടും പുന:ക്രമീകരിച്ചത്.ഒരു ദിവസം ഒരു അധ്യാപകൻ നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ പരമാവധി 10 എണ്ണത്തിന്റെ വർധനവാണ് വരുത്തിയിരുന്നത്.ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങൾക്ക് ഓരോ ദിവസവും നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ഉച്ചയ്ക്ക് മുമ്പ് 13 ഉച്ചയ്ക്ക് ശേഷം 13 എന്നിങ്ങനെ ആകെ 26 ആയിരുന്നു.
ഇത് 17 + 17 = 34 എന്നാക്കി ഉയർത്തി. ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങൾക്ക് ഉച്ചയ്ക്ക് മുമ്പ് 20 ഉച്ചയ്ക്ക് ശേഷം 20 എന്നിങ്ങനെ 40 പേപ്പർ ആയിരുന്നു. അത് 25 + 25 = 50 എന്നാക്കി വർദ്ധിപ്പിച്ചു. പരമാവധി മാർക്ക് 150 ആയിരുന്നപ്പോൾനിശ്ചയിച്ചതാണ് ഉത്തരക്കടലാസുകളുടെയും എണ്ണം 26, 40 എന്നത്. നിലവിൽ പരമാവധി മാർക്ക് 80/60/30 ആയി കുറഞ്ഞപ്പോഴും നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ടായിരുന്നില്ല. ഒരു വിദഗ്ദ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം പുനർനിശ്ചയിച്ചത്.
എന്നാൽ മൂല്യനിർണ്ണയം ആരംഭിക്കാനിരിക്കുന്ന വേളയിൽ ചില അധ്യാപക കൂട്ടായ്മകൾ വ്യത്യസ്തമായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്തോടെയാണ് വീണ്ടും മാറ്റം വരുത്തിയത്. ഓരോ ദിവസവും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം 15 + 15 = 30 ഉം 22 + 22 = 44 ഉം ആയി പുനർനിശ്ചയിച്ചു.