തിരുവനന്തപുരം: കേന്ദ്ര പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി ദേശീയ തലത്തില്‍ സംഘടിപ്പിച്ച കലാഉത്സവ് 2022 മത്സരങ്ങളില്‍ തദ്ദേശീയ വാദ്യോപകരണ വിഭാഗത്തില്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കര പെരുങ്കുളം പി.വി.എച്ച്.എസ്.എസ്.ലെ ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥി ടി.എസ്. സൂരജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിഷ്വല്‍ ആര്‍ട്സ് വിഭാഗത്തില്‍ കണ്ണൂര്‍ അഴീക്കോട് എച്ച്.എസ്.എസ്-ലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനി അക്ഷയ ഷമീറിനും, തദ്ദേശീയ പ്രതിമാ-ഉപകരണ നിര്‍മാണത്തില്‍ വയനാട് കല്ലോടി എസ്.ജെ.എച്ച്.എസ്.എസ്-ലെ ബനീറ്റ വര്‍ഗീസിനും രണ്ടാം സ്ഥാനങ്ങള്‍ ലഭിച്ചു. ശാസ്ത്രീയ നൃത്ത ഇനത്തില്‍ തൃശൂര്‍ ചാഴൂര്‍ എസ്.എന്‍.എം.എച്ച്.എസ്-ലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നിരഞ്ജന്‍ ശ്രീലക്ഷ്മി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എന്‍.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ ദില്ലിയില്‍ നടന്ന ഫലപ്രഖ്യാപനത്തിലാണ് കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചത്. കലാഉത്സവ് 2022-മത്സരങ്ങളില്‍ ഒന്‍പത് ഇനങ്ങളിലായി പതിനെട്ടോളം സംസ്ഥാന പ്രതിഭകളാണ് ആണ്‍-പെണ്‍ വിഭാഗത്തില്‍ മാറ്റുരച്ചത്. ഫെബ്രുവരിയില്‍ നടക്കുന്ന പുരസ്കാര ദാനചടങ്ങില്‍ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. കലാഉത്സവിന്‍റെ സംസ്ഥാനതല സംഘാടനം സമഗ്രശിക്ഷാ കേരളത്തിനായിരുന്നു. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.സുപ്രിയ.എ.ആര്‍ വിജയികളെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.