തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്റെ പ്രവർത്തനങ്ങൾക്ക് ഇന്ന് (ഡിസംബർ 18) തുടക്കമകും. പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ നടക്കുന്ന തൊഴിൽ മേളയോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജെന്റ് സിസ്റ്റം (DWMS) പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുന്നത്. പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ലോഗിൻ ചെയ്ത് ജോബ് ഫെയറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ജില്ലകൾ തെരഞ്ഞെടുക്കാം.
പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും നൈപുണ്യത്തിനും യോജിച്ച തൊഴിലവസരങ്ങൾ കണ്ടെത്താനും അവയിൽ അപേക്ഷിക്കാനും പ്ലാറ്റ്‌ഫോമിൽ സൗകര്യമുണ്ട്. ജോബ് ഫെയറിൽ പങ്കെടുക്കുന്ന തൊഴിൽദായകർക്കും കമ്പനികൾക്കും അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ (വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷണൽ സ്‌കിൽ, ജീവിത നൈപുണി, കമ്മ്യൂണിക്കേഷൻ സ്‌കിൽ, അസ്സസ്സ്‌മെന്റ് ആട്ടോമേറ്റഡ് ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യപ്പെട്ട പ്രൊഫൈലുകൾ) സിസ്റ്റത്തിൽ നിന്നുതന്നെ മനസ്സിലാക്കി ആവശ്യമായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് കേരള നോളജ് മിഷൻ വെബ് സൈറ്റ് (https://knowledgemission.kerala.gov.in) വഴി രജിസ്റ്റർ ചെയ്ത് ജോബ് ഫെയറിലും ജോബ് റെഡിനെസ്സ് പരിശീലനത്തിലും പങ്കെടുക്കാം.
ഐ.ടി- ഐ.ടി.എസ്, എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈൽ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, ബ്യൂട്ടി ആന്റ് വെൽനസ്, എഡ്യൂക്കേഷൻ, റീട്ടെയിൽ കൺസ്ട്രക്ഷൻ ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രമുഖ കമ്പനികളായ ടി.സി.എസ്, ഐ.ബി.എസ്, യു.എസ്.ടി ഗ്ലോബൽ, ടാറ്റാ, ലെക്‌സി, നിസാൻ, എസ്.ബി.ഐ ലെഫ്, എച്ച്.ഡി.എഫ്.സി, ക്വസ് കോർപ്പ്, ഐ.സി.ഐ.സി.ഐ, എസ്.എഫ്.ഒ ടൂൺസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്