ഇടുക്കി: നടൻ സൂര്യയുടെ \’അയൻ\’ സിനിമയിലെ ഗാനരംഗം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പ്രശംസ പിടിച്ചുപറ്റിയ ചെങ്കൽചൂള കോളനിയിലെ കുട്ടികൾ ഇനി ബിഗ് സ്‌ക്രീനിലേക്ക്. അയൻ സിനിമയിലെ സൂര്യയുടെ ഡാൻസും ഫൈറ്റും അനുകരിച്ച് മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത വീഡിയോകൾ സിനിമലോകവും ഏറ്റെടുത്തിരുന്നു.
കുട്ടികളുടെ പ്രാഗല്ഭ്യം തിരിച്ചറിഞ്ഞ സിനിമ പ്രവർത്തകരാണ് ഇവർക്ക് സിനിമയിലേക്ക് വഴി ഒരുക്കിയത്. അർജുൻ നായകനായി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ സിനിമയിലാണ് ഇവർക്ക് അവസരം ലഭിച്ചിരിക്കുന്നത്.
പീരുമേട്ടിൽ ആദ്യ ദിവസത്തെ ഷൂട്ടിങ് പൂർത്തിയായി. ആക്ഷൻ കിങ് അർജുനും നിക്കി ഗൽറാണിയുമാണ് ചിത്രത്തിലെ താരങ്ങൾ.
മുകേഷ്, ആശാ ശരത്ത്, അജു വർഗീസ്, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. നായികയെ കടത്തിക്കൊണ്ടുപോകുന്ന വില്ലന്മാരുടെ റോളിലാണ് ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ എത്തുന്നത്. നായകനോടൊപ്പമുള്ള ആക്ഷൻ രംഗങ്ങളിലും ക്ലൈമാക്സ് സീനിലും ഇവർ ഉണ്ടാകും.
സൂര്യയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കാനാണ് കുട്ടികൾ ‘അയനി’ലെ സൂപ്പർ ഹിറ്റ് ഗാനം പുനർചിത്രീകരിച്ചത്. വെറുമൊരു ആൻഡ്രോയ്‌ഡ് ഫോണിൽ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത ആ വീഡിയോയിലെ ഷോട്ടുകളും ഫ്രെയ്‌മുകളും ഒറിജിനലോളംപോന്നതായിരുന്നു. ഇതിൽ പലരും പ്ലസ്ടു വിദ്യാർത്ഥികളാണ്.