തിരുവനന്തപുരം:സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 437 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ശുപാർശ. നിയമന ശുപാർശയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ മുഹൂർത്തമാണെന്നും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
1995-ലെയും 2016-ലെയും ഭിന്നശേഷി അവകാശ നിയമങ്ങൾ പ്രകാരം സർക്കാർ സർവീസുകളിൽ സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും എയ്ഡഡ് മേഖലയിൽ ഇത് കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളുടെയും സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ ഈ കുറവ് പരിഹരിക്കാൻ സാധിച്ചു. സുപ്രീം കോടതിയുടെ 2023 ഒക്ടോബർ 30-ലെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന-ജില്ലാ തല സമിതികൾ രൂപീകരിച്ചാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. ഹൈസ്കൂൾ തലം വരെ റിപ്പോർട്ട് ചെയ്യപ്പെട്ട 1300 ഒഴിവുകളിൽ നിന്ന് റൊട്ടേഷൻ വ്യവസ്ഥകൾ പാലിച്ച് 437 പേർക്കാണ് ഇപ്പോൾ നിയമന ശുപാർശ നൽകുന്നത്. ബാക്കിയുള്ള ഒഴിവുകളിലേക്കും വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നുമുള്ള നിയമനങ്ങൾ തുടർച്ചയായ പ്രക്രിയയായി നടക്കും. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയും മാനേജർമാർ നേരിട്ടും ഇതിനകം 1500-ഓളം പേർക്ക് നിയമനം നൽകിക്കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമന്വയ സോഫ്റ്റ്‌വെയറിലൂടെ സുതാര്യമായാണ് നിയമന നടപടികൾ ഏകോപിപ്പിച്ചത്.
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് മേഖലയിൽ നിലവിൽ ജോലി ചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി നിയമനം പൂർണ്ണമായും നടപ്പാകുന്നത് വരെ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് പെൻ നമ്പർ, അവധി, പി.എഫ്, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷി ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് മറ്റുള്ളവർക്ക് നിയമന തീയതി മുതൽ ക്രമീകരണം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. 2026 ജനുവരി 27-ന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നതോടെ, നിലവിൽ പ്രൊവിഷണൽ/ദിവസവേതന അടിസ്ഥാനത്തിൽ തുടരുന്ന ഇരുപത്തിരണ്ടായിരത്തോളം അധ്യാപകർക്ക് അവരുടെ നിയമന തീയതി മുതൽ സ്ഥിരനിയമനം നൽകാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ഇതിനായുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം (23), കൊല്ലം (42), ആലപ്പുഴ (22), പത്തനംതിട്ട (18), ഇടുക്കി (9), കോട്ടയം (23), എറണാകുളം (33), തൃശൂർ (35), പാലക്കാട് (36), മലപ്പുറം (53), കോഴിക്കോട് (56), വയനാട് (14), കണ്ണൂർ (57), കാസർഗോഡ് (16) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള നിയമന കണക്കുകൾ. ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി ഐ.എ.എസ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എംപ്ലോയ്‌മെന്റ് ഡയറക്ടർ സുഫിയാൻ അഹമദ് ഐ.എ.എസ് തുടങ്ങിയവർ പങ്കെടുത്തു.







.jpg)



