തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് പൂരനഗരിയിൽ തിരിതെളിഞ്ഞു. ഇനി തൃശ്ശൂരിൽ കലയുടെ പൂരം. പ്രധാന വേദിയായ സൂര്യകാന്തിക്ക് മുമ്പിൽ കലോത്സവ കൊടി ഉയർന്നതോടെ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഔപചാരിക തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻഎസ്കെ ഉമേഷ് കൊടിമരത്തിൽ പതാക ഉയർത്തി. തുടർന്ന് കലോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തകർക്കുന്നതിൽ സ്കൂൾ കലോത്സവങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കലോത്സവത്തിൽ സമ്മാനങ്ങൾ നേടുന്നതിനേക്കാൾ പ്രധാനം അതിൽ പങ്കെടുക്കുക എന്നതാണ്. സമ്മാനം ലഭിച്ചവർ മാത്രമല്ല, അല്ലാത്തവരും പിൽക്കാലത്ത് വലിയ പ്രതിഭകളായി വളർന്നിട്ടുണ്ട്. കലയുടെ ആസ്വാദനം വ്യക്തിനിഷ്ഠമാണെന്നും ഒരാൾക്ക് മികച്ചത് മറ്റൊരാൾക്ക് മികച്ചതോ മോശമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. കല എന്നത് ആനന്ദാനുഭവം സൃഷ്ടിക്കാൻ മാത്രമാകരുതെന്നും പൊള്ളുന്ന ജീവിതാനുഭവങ്ങളിലേക്ക് കടന്നുചെല്ലാൻ കല യ്ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമാമാങ്കമായി കലോത്സവം വളർന്നു എന്നത് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തു തെളിയിക്കുന്നവെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച
മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജനുവരി 18 വരെ നീളുന്ന കലോത്സവം മതനിരപേക്ഷതയുടെയും വൈവിധ്യങ്ങളുടെയും മഹത്തായ ആഘോഷമാണ്. ഇത്തവണ ‘ഉത്തരവാദിത്ത കലോത്സവ’മായാണ് നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് രഹിതവും, ജങ്ക് ഫുഡ് വിമുക്തവുമായ, പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ഒരു മാതൃകാ മേളയാകണം ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃശൂരിൻ്റെ സാംസ്കാരിക പൈതൃകവും 64ാം കലോത്സവും 64 കലകളും എല്ലാം സൂചിപ്പിക്കുന്നതാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ കൊടിമരം. കാലടി സംസ്കൃത സർവകലാശാലയിലെ ശിൽപ്പകല അധ്യാപകനും ഇരിഞ്ഞാലക്കുട സ്വദേശിയുമായ എൻ. ആർ യദുകൃഷ്ണനാണ് കൊടിമരമൊരുക്കിയത്. ‘ആറ്’ എന്ന അക്കത്തെ സൂചിപ്പിച്ച് വീണയും, ‘നാല്’ എന്ന അക്കത്തിന്റെ പ്രതീകമായി പെയിന്റിംഗ് ബ്രഷും, ആനകൊമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 64 കലകളെ സൂചിപ്പിച്ച് 64 ചിലങ്ക മണികൾ കൊടിമരത്തിൽ അലങ്കരിച്ചിട്ടുണ്ട്. കലയും സംസ്കാരവും ഒരുമിച്ച് ചേരുന്ന ഈ കൊടിമരം, കലോത്സവത്തിന്റെ ആത്മാവിനെ തന്നെ ദൃശ്യവൽക്കരിക്കുന്നതാണ്. 25 ദിവസത്തോളമെടുത്താണ് 22 അടിയോളമുള്ള കൊടിമരം നിർമിച്ചത്.
മുഖ്യാതിഥിയായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി, മന്ത്രി ആർ. ബിന്ദു, മന്ത്രി കെ.കൃഷ്ണൻകുട്ടി, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി, എം.പി മാരായ കെ.രാധാകൃഷ്ണൻ, ബെന്നി ബഹനാൻ, കോപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, എ.സി മൊയ്തീൻ, യു.ആർ പ്രദീപ്, കെ.കെ രാമചന്ദ്രൻ, സനീഷ്കുമാർ ജോസഫ്, ഇ.ടി ടെയ്സൺ മാസ്റ്റർ, എൻ.കെ അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, വി.ആർ സുനിൽകുമാർ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ സുധീഷ്, പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ പെരുവനം കുട്ടന്മാരാർ, പത്മശ്രീ ഐ.എം വിജയൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത്, സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ ഉമേഷ് പൊതുവിദ്യാഭ്യാസ വകുപ്പ് ജനറൽ കൺവീനർ അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു, ഡെപ്യൂട്ടി ഡയറക്ടർ പി.എം ബാലകൃഷ്ണൻ, ചലച്ചിത്ര താരം റിയ ഷിബുതുടങ്ങിയവർ പങ്കെടുത്തു.








