തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് (K-TET) യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് പരമാവധി അവസരങ്ങൾ സർക്കാർ ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. അധ്യാപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ യോഗ്യത നേടാൻ അവസരമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി കൂടുതൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത കെ-ടെറ്റ് പരീക്ഷ ഫെബ്രുവരി മാസത്തിൽ തന്നെ നടത്തുന്നതാണ്.2025 സെപ്റ്റംബർ 1ലെ സുപ്രീം കോടതി വിധിന്യായ പ്രകാരം ന്യൂനപക്ഷ പദവിയുള്ള സ്കൂളുകൾ ഒഴികെ, RTE ആക്ട് ബാധകമായ എല്ലാ സ്കൂളുകളിലെയും അധ്യാപകർ സർവീസിൽ തുടരുന്നതിന് അധ്യാപക യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്. ഇത് സംബന്ധിച്ച് അധ്യാപകർക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കും.
വിധിന്യായത്തിലെ പ്രധാന ഇളവുകളും നിബന്ധനകളും ഇങ്ങനെയാണ്:5 വർഷത്തിൽ താഴെ മാത്രം സർവ്വീസ് ശേഷിക്കുന്ന അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യതയില്ലാതെ തന്നെ വിരമിക്കൽ പ്രായം വരെ സർവീസിൽ തുടരാം. എന്നാൽ ഇവർക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ കെ-ടെറ്റ് നിർബന്ധമാണ്.5 വർഷത്തിൽ കൂടുതൽ സർവ്വീസ് ബാക്കിയുള്ള അധ്യാപകർ വിധി വന്ന തീയതി മുതൽ 2 വർഷത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം.








