തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിലെ രണ്ടാം പാദവാർഷിക പരീക്ഷാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി അടിയന്തിര നടപടികൾ സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി. സംസ്ഥാനത്തെ എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി, ആർ.ഡി.ഡി, വി.എച്ച്.എസ്.ഇ എ.ഡി, എസ്.എസ്.കെ- ഡി.പി.സി എന്നിവർ ഉൾപ്പെട്ട യോഗത്തിലാണ് നിർദേശം.
ജനുവരി 5 മുതൽ ഉത്തരക്കടലാസുകൾ വിതരണം ചെയ്ത് ക്ലാസ് പി.ടി.എ യോഗങ്ങൾ ചേർന്ന് രക്ഷിതാക്കളുമായി കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യണമെന്ന് നിർദേശം നൽകിയിരുന്നു. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ നടപ്പിലാക്കിയ ‘സബ്ജക്റ്റ് മിനിമം’ (30% മാർക്ക്) പദ്ധതി കുട്ടികൾക്ക് നീതിയുക്തമായി ഗുണം ചെയ്തോ എന്ന് വിലയിരുത്തണം. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പത്താം ക്ലാസ് മാതൃകയിൽ പ്രത്യേക പഠന ക്ലാസുകൾ നൽകണം. കുട്ടികളുടെ സ്കോറുകൾ ‘സമഗ്ര പ്ലസ്’ പോർട്ടലിൽ രേഖപ്പെടുത്തി, താഴ്ന്ന ഗ്രേഡ് നേടിയവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം.
എസ്.ടി വിദ്യാർത്ഥികൾക്കുള്ള ‘എൻറിച്ച്‌മെന്റ് പ്രോഗ്രാം’, അതിഥി തൊഴിലാളികളുടെ കുട്ടികൾക്കുള്ള വോളൻ്റിയർ ക്ലാസ്സുകൾ എന്നിവയുടെ പുരോഗതി ഉറപ്പാക്കണം. കുട്ടികളിൽ മൂല്യബോധം, സഹിഷ്ണുത, പ്രകൃതിസ്നേഹം എന്നിവ വളർത്തുന്നതിനും ലഹരിവിരുദ്ധ അവബോധം സൃഷ്ടിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ ‘സ്നേഹം’ എന്ന പുതിയ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.








