തിരുവനന്തപുരം:സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാർ തീരുമാനമെന്ന മന്ത്രി ആർ.ബിന്ദു. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ”സിഎം റിസർച്ചർ സ്‌കോളർഷിപ്പ്” പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മറ്റ് സ്‌കോളർഷിപ്പുകളോ ഫെലോഷിപ്പുകളോ ലഭിക്കാത്തവരും സംസ്ഥാനത്തെ സർവകലാശാലകളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് പ്രതിമാസം 10,000 രൂപ നിരക്കിൽ (പ്രതിവർഷം 1,20,000 രൂപ) 3 വർഷം വരെ സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച മുന്നേറ്റങ്ങൾക്ക് ഗതിവേഗം പകരുന്നതിനൊപ്പം സംസ്ഥാനത്തെ ഒരു നവവൈജ്ഞാനിക സമൂഹമായി രൂപപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഒരു വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുത്തുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക അടിത്തറ വിപുലീകരിക്കുന്നതിനും ജനജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിനും സർവ്വകലാശാലകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന പുത്തൻ അറിവുകളെ ഫലപ്രദമായി വിനിയോഗിക്കണമെന്നും ആ ദൗത്യത്തിൽ ഗവേഷകർക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ വലിയ മുൻഗണനയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉന്നതവിദ്യാഭ്യാസത്തിന് മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിച്ചതോടെ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്താൻ സാധിച്ചു. കഴിഞ്ഞ നാലുവർഷത്തിനിടെ 6,000 കോടി രൂപയാണ് ഈ മേഖലയിൽ സർക്കാർ വിന്യസിച്ചത്. ചരിത്രത്തിലാദ്യമായി സമഗ്രമായ കരിക്കുലം ഫ്രെയിംവർക്ക് തയ്യാറാക്കാനും നാല്-വർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാനും സാധിച്ചു. പഠനകാലത്ത് തന്നെ വിദ്യാർത്ഥികളിലെ തൊഴിൽ നൈപുണ്യവും സംരംഭകത്വ താല്പര്യങ്ങളും വികസിപ്പിക്കുന്നതിനൊപ്പം പ്രാരംഭഘട്ടം മുതൽ ഗവേഷണാത്മക പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഗവേഷകർ കണ്ടെത്തുന്ന പ്രശ്‌നപരിഹാരങ്ങൾ നാടിന് ഉപകാരപ്പെടുന്ന രീതിയിലേക്ക് മാറേണ്ടതുണ്ട്. സൈദ്ധാന്തിക അറിവുകളെ പ്രായോഗികതലത്തിലേക്ക് മാറ്റി സമൂഹത്തിന് ആവശ്യമായ സേവനങ്ങളും ഉൽപ്പന്നങ്ങളും വികസിപ്പിക്കുന്ന ട്രാൻസ്ലേഷണൽ റിസർച്ചിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സർവ്വകലാശാലകളിലും ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾക്കുള്ള നടപടികൾ നല്ല രീതിയിൽ പുരോഗമിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പ് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഫെല്ലോഷിപ്പുകളിൽ ഒന്നാണ്. അർബുദ ചികിത്സയ്ക്കുള്ള മരുന്ന് ഗവേഷണം ഉൾപ്പെടെ നാടിന് പ്രയോജനകരമായ ഒട്ടേറെ പദ്ധതികൾ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റു സ്‌കോളർഷിപ്പുകളോ ഫെലോഷിപ്പുകളോ ലഭിക്കാത്ത ഗവേഷകർക്ക് വലിയൊരാശ്വാസമായാണ് സി.എം. റിസർച്ചർ സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. 2025 ജനുവരി സെഷനിൽ പ്രവേശനം നേടിയ ഗവേഷണ വിദ്യാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പരിഗണിച്ചിട്ടുള്ളത്. 143 പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. രണ്ടാം വർഷവും മൂന്നാം വർഷവും ഗവേഷണം തുടരുന്ന അർഹരായ വിദ്യാർത്ഥികളെ കൂടി ഈ പദ്ധതിയിലേക്ക് പരിഗണിക്കുന്നത് സർക്കാർ ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മെറിറ്റുള്ള വിദ്യാർത്ഥികൾക്കായി ഒരു ലക്ഷം രൂപയുടെ മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരവും സർക്കാർ നൽകുന്നു.
കിഫ്ബി, റൂസ പദ്ധതികളിലൂടെയും പ്ലാൻ ഫണ്ട് വഴിയും സംസ്ഥാനത്തെ കലാലയങ്ങളിലും സർവ്വകലാശാലകളിലും ആധുനികമായ ലാബ് കോംപ്ലക്‌സുകളും സ്മാർട്ട് ക്ലാസ്‌റൂമുകളും അടക്കം മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പുറമെ വ്യവസായികൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലുള്ള സാങ്കേതിക സംവിധാനങ്ങളാണ് കുസാറ്റ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത്. നവകേരളത്തിന്റെ പതാകവാഹകരായി മാറേണ്ടവരാണ് യുവഗവേഷകരെന്നും അവരുടെ അന്വേഷണ തൃഷ്ണയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ എപ്പോഴും ഒപ്പമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സംഗീത കോളേജുകളിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകളെക്കുറിച്ചും കരിക്കുലം, സിലബസ് എന്നിവയുടെ പരിഷ്‌കരണത്തെക്കുറിച്ചും തയ്യാറാക്കിയ റിപ്പോർട്ട് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. കെ. ഓമനക്കുട്ടി മന്ത്രി ഡോ. ആർ. ബിന്ദുവിന് കൈമാറി. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ സ്വാഗതം ആശംസിച്ചു. കോർപ്പറേഷൻ കൗൺസിലർ രാഖി രവികുമാർ, കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. സുനിൽ ജോൺ ജെ, ഡെപ്യൂട്ടി ഡയറക്ടർ വി.എസ്. ജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ ഉമാ ജ്യോതി നന്ദി രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങിൽ 143 ഗവേഷകർക്കുള്ള സ്‌കോളർഷിപ്പിന്റെ ആദ്യ ഗഡു വിതരണം ചെയ്തു.








