തിരുവനന്തപുരം:സ്കൂൾ വിദ്യാർഥികളുടെ പരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന “പരീക്ഷ പേ ചർച്ച” ജനുവരിയിൽ നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിക്കുന്നതാണ് പരീക്ഷ പേ ചർച്ച. ചർച്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ ജനുവരി 11ന് അവസാനിക്കും. 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും തിരഞ്ഞെടുത്ത സ്കൂളുകളിൽ നിന്നുള്ള അധ്യാപകർക്കും രക്ഷിതാക്കൾക്കുമാണ് ചർച്ചയിൽ പങ്കെടുക്കാൻ കഴിയുക. MyGov പോർട്ടലിലെ പ്രശ്നോത്തരി മത്സരത്തിൽ വിജയിക്കുന്നവർക്കാണു ചർച്ചയിൽ പങ്കെടു ക്കാൻ അവസരം. കുട്ടികൾ പ്രധാനമന്ത്രിയോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യം 500 വാക്കിൽ കവിയാതെ മുൻകൂട്ടി എഴുതി നൽകണം. ഇന്ത്യയിലും വിദേശത്തുമുള്ള ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരം
തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ‘എഡ്യൂക്കേഷൻ ടെക്നോളജി ട്രാൻസ്‌ഫോർമേഷൻ അവാർഡ്’. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിലാണ് അവാർഡ് പ്രഖ്യാപനം. കേരളത്തിലെ സ്‌കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ നിർമിതബുദ്ധി അധിഷ്ഠിത ‘സമഗ്ര പ്ലസ് എ ഐ’ ലേണിംഗ് പ്ലാറ്റ്ഫോമിനാണ് ഈ ദേശീയ അംഗീകാരം. ഡിസംബർ 5ന് ഭുവനേശ്വറിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാര വിവരം സംഘാടകർ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്തിനെ അറിയിച്ചു. കുട്ടികൾക്ക് ഓരോരുത്തർക്കും അവരുടെ പഠനനിലവാരത്തിനനുസരിച്ച് പഠനം ക്രമീകരിക്കുന്നതിന് സഹായിക്കുന്ന എ.ഐ പ്ലാറ്റ്ഫോമാണ് ‘സമഗ്ര പ്ലസ്’. ഇതിനായി ചാറ്റ് ബോട്ട് സംവിധാനം, ക്വിസ്, ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട വിവിധ കളികൾ, സ്പീച്ച് അസിസ്റ്റന്റ്, വിലയിരുത്തൽ സംവിധാനങ്ങൾ തുടങ്ങിയ മൊഡ്യൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമിതബുദ്ധിയുടെ അൽഗോരിതം പക്ഷപാത ആശങ്കകൾ ഇല്ലാതെ പൂർണമായും കരിക്കുലം ചട്ടക്കൂടിനകത്തു നിന്നുകൊണ്ടാണ് കൈറ്റ് ‘സമഗ്ര പ്ലസ് എ ഐ’ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടുള്ളത്.










