തിരുവനന്തപുരം: സംസ്ഥാനത്ത് നിശ്ചിത ദൂരപരിധിയില്‍ സ്കൂളുകള്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് അധിഷ്ഠിതമായ പുതിയ സ്കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. ഒഎസ്എം മാപ്പിങ്ങിലൂടെ ഭൂപ്രദേശം തിരിച്ചുള്ള വിദ്യാലയങ്ങളുടെ കണക്കിന് പുറമെ വിദ്യാലയങ്ങൾ തമ്മിലുള്ള ദൂരമടക്കമുള്ള വിവരങ്ങള്‍ കൃത്യമായി റെക്കോർഡ് ചെയ്യപ്പെടും. നിശ്ചിത ദൂരപരിധിയിൽ മതിയായ സ്കൂളുകൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഒഎസ്എം അധിഷ്ഠിതമായ പുതിയ സ്കൂള്‍ മാപ്പിങ്ങിന് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. കൈറ്റ് ന്റെ നേതൃത്വത്തിൽ നിലവിൽ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് (ഒഎസ്എം) പ്രയോജനപ്പെടുത്തി സ്കൂള്‍ വിക്കിയില്‍ സ്കൂളുകൾ ഉൾപ്പെടുത്തുന്നുണ്ട്. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സമേതം’ പോര്‍ട്ടലിൽ 16,000 സ്കൂളുകളുടെ മുഴുവന്‍ വിവരങ്ങളും ഇത്തരത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനേക്കാൾ സൂക്ഷ്മമായി വിവരങ്ങൾ ലഭ്യമാക്കാനാണ് ഒഎസ്എം അധിഷ്ഠിതമായ പുതിയ സ്കൂള്‍ മാപ്പിങ് നടത്തുന്നത്. ഒഎസ്എം മാപ്പിങ് വരുന്നതോടെ, ഭൂപ്രദേശം തിരിച്ചുള്ള വിദ്യാലയങ്ങള്‍ക്കു പുറമേ, അവ തമ്മിലുള്ള ദൂരമടക്കമുള്ള വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാൻ കഴിയും.
‘ഹരിതവിദ്യാലയം 4.0′ വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ 85 സ്കൂളുകൾ
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ 85 സ്കൂളുകൾ ഇടംപിടിച്ചു. യോഗ്യത നേടിയ സ്കൂളുകളെ ഇക്കാര്യം നേരിട്ട് അറിയിക്കും. ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഷൂട്ട് കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ. തിരഞ്ഞെടുത്ത സ്കൂളുകളുടെ പട്ടികയും മുൻ എഡിഷനുകളുടെ വീഡിയോകളും http://hv.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.










