തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. നാളെ (22-10-25) വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാലും ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷണൽ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. സ്കൂളുകള്‍, കോളജുകള്‍, ട്യൂഷൻ സെന്‍ററുകള്‍, മദ്റസകള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
ഇടുക്കിയിൽ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നാളെ വൈകിട്ട് ഏഴു മുതൽ മറ്റന്നാൾ രാവിലെ ആറ് വരെ നിരോധിച്ചിട്ടുണ്ട്. ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവ നിർത്തിവയ്ക്കണം. സാഹസിക – ജല വിനോദങ്ങളും നിരോധിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.റെസിഡൻസ് സ്ക്കൂളുകൾ, കോളെജുകൾ, നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല.
മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ്.
ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിനും, ബംഗാൾ ഉൾക്കടലിനും മുകളിലായി അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും മഴ തൽസ്ഥിതി തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും. മഴ കനക്കുന്നതിനാൽ മലയോര മേഖലയിലുള്ളവരും, തീരദേശവാസികളും ജാഗ്രത പാലിക്കണം.