കോട്ടയം: ലോകത്തിലെ രണ്ട് പ്രമുഖ സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഏഷ്യന്‍ മോഡേണൈസേഷന് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ തുടക്കം കുറിച്ചു.
ഫ്രാന്‍സിലെ യൂണിവേഴ്സിറ്റി ഓഫ് ടൂളൂസ് ജീന്‍ ജോരെ, മലേഷ്യയിലെ ക്വലാലംപൂര്‍ ടെയ്ലേഴ്സ് യൂണിവേഴ്സിറ്റി എന്നീ സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള ത്രികക്ഷി ധാരണാപത്രത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല ഒപ്പ് വച്ചു . സര്‍വകലാശാല ആസ്ഥാനത്തെ കണ്‍വെര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാലക്ക് വേണ്ടി വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ) സി.ടി.അരവിന്ദകുമാര്‍, ടെയ്ലേഴ്സ് യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ ) .ഡാരന്‍ മാര്‍ക്ക് ബഗ്നാല്‍ , യൂണിവേഴ്സിറ്റി ഓഫ് ടൂളൂസ് ജീന്‍ ജോരെ ടൂറിസം ആന്‍ഡ് ഫുഡ് സ്റ്റഡീസ് ഫാക്കല്‍റ്റി ഡീന്‍ പ്രൊഫ.(ഡോ ).സിറില്‍ ലാപോര്‍ട്ട് എന്നിവരാണ് ധാരണാപത്രം കൈമാറിയത്.
പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥികളാണ് മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആസ്തിയെന്ന് പറഞ്ഞ പ്രൊഫ.(ഡോ) സി.ടി.അരവിന്ദകുമാര്‍ നിരവധി വിദേശ സര്‍വകലാശാലകളുമായി എംജി സര്‍വകലാശാല സഹകരിക്കുന്നുണ്ടെന്ന് അറിയിച്ചു. എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റജി സക്കറിയ, രജിസ്ട്രാര്‍ പ്രൊഫ.(ഡോ).ബിസ്മി ഗോപാലകൃഷ്ണന്‍, സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ.(ഡോ).റോബിനെറ്റ് ജേക്കബ്, പ്രൊഫ.(ഡോ ).സജിമോന്‍ എബ്രഹാം, ഡോ.ടോണി കെ .തോമസ്, ഇരു വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ ജനസംഖ്യാ വിഭജനം, ഉപഭോഗം, ജീവിതസാഹചര്യം, നഗരവല്‍ക്കരണം, യാത്രാസൗകര്യം തുടങ്ങിയ മേഖലകളില്‍ ഏഷ്യന്‍ സമൂഹങ്ങളില്‍ ഉണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്ന് സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് ഓരോ സര്‍വകലാശാലയിലും പഠന കേന്ദ്രം ആരംഭിക്കുന്നത്. ടൂറിസം ആന്‍ഡ് ഏഷ്യന്‍ മോഡേണൈസേഷന്‍ എന്ന വിഷയത്തില്‍ ദ്വിദിന സിംപോസിയത്തിനും ഇന്ന് തുടക്കമായി . യു.ജി.സി.യുടെ കാറ്റഗറി വണ്‍ സര്‍വകലാശാലാ പദവി നേടിയ കേരളത്തിലെ ഏക സര്‍വകലാശാലയായ എം.ജി.സര്‍വകലാശാലയെ ഒരു ഗ്ലോബല്‍ യൂണിവേഴ്സിറ്റിയാക്കി മാറ്റാനുള്ള പദ്ധതികളുടെ ഭാഗമാണ് പുതിയ സെന്‍റര്‍.
ഭക്ഷണ സംസ്കാരവും ആരോഗ്യവും, നഗരങ്ങളിലേക്കുള്ള കുടിയേറ്റം ,രാഷ്ട്രീയവും അന്താരാഷ്ട്ര ബന്ധങ്ങളും തുടങ്ങിയവ പഠന വിധേയമാക്കാന്‍ കേന്ദ്രം ഉപകരിക്കുമെന്ന് സര്‍വകലാശാല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു