തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക പ്രതിനിധാനങ്ങളുടെയും പ്രതിരോധങ്ങളുടെയും പശ്ചാത്തലത്തിലും അനാവരണം ചെയ്യുകയാണ് “സ്ത്രീ പഠനങ്ങൾ: ചരിത്രം, പ്രതിനിധാനം, പ്രതിരോധം” എന്ന പുസ്തകം. ചരിത്രം സ്ത്രീകളെ പലപ്പോഴും മൗനത്തിലാക്കിയിട്ടുള്ളപ്പോൾ, ഈ ഗ്രന്ഥം അവരുടെ ശബ്ദങ്ങളെ കേൾപ്പിക്കുകയും, മറച്ചുവെച്ച അനുഭവങ്ങളെ മറനീക്കി പുറത്തു കൊണ്ടുവരുകയും ചെയ്യുന്നു. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. ശ്രീജ എൽ.ജിയുടെ പ്രഥമ പുസ്തകമാണ് സ്ത്രീ പഠനങ്ങൾ: ചരിത്രം, പ്രതിനിധാനം, പ്രതിരോധം” എന്നത്. ദേശീയ-അന്തർദേശീയ ജേർണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച ശ്രീജ എൽ.ജി, സ്ത്രീധനവും നിയമവും: കേരളത്തിലെ സ്ത്രീയനുഭവങ്ങൾ, ഇന്ത്യൻ ഭരണഘട നയും വനിതാപ്രാതിനിധ്യവും എന്നീ വിഷങ്ങളിൽ പ്രോജക്റ്റുകൾ ചെയ്തിട്ടുണ്ട്. പഠനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അറിഞ്ഞ കാര്യങ്ങളാണ് ലേഖനങ്ങളായി പുസ്തകത്തിൽ ചിട്ടപ്പെടുത്തി യിരിക്കുന്നതെന്ന് ശ്രീജ പറയുന്നു.

സ്ത്രീക്കും അവളുടെ ലൈംഗികതയ്ക്കു മുകളിലും അടിച്ചേൽപ്പിക്കപ്പെട്ട, എഴുതപ്പെടാത്ത നിയമസംഹിതയിലൂടെയാണ് സ്ത്രീ ഭരിക്കപ്പെടുന്നത്. സ്ത്രീകളുടെയും, മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണങ്ങൾക്കായി പ്രത്യേകം പ്രത്യേകം എഴുതപ്പെട്ട ഭരണഘടനാവ്യവസ്ഥകൾ പോലും നിർജ്ജീമായി പോകുന്ന തരത്തിലാണ് അവർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ സാധൂ കരിക്കപ്പെടുന്നത്. ഈ ത്യാഗങ്ങളൊക്കെ എന്തിനുവേണ്ടിയെന്ന് ചോദ്യത്തിന്, ഒരു സ്ത്രീയുടെ ധർമം, സ്വയം ത്യജിച്ച്, മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിച്ച് ഒരു നല്ല സ്ത്രീയാകുകയെന്ന ലക്ഷ്യത്തിലേയ്ക്ക് എത്തുകയെന്ന ഒറ്റ ഉത്തരത്തിൽ, അവളുടെ മോക്ഷപ്രാപ്തിയടക്കമു ള്ള കാര്യങ്ങൾ ഉൾച്ചേർത്തിരിക്കുന്നു. വളരെ അടുത്തു നിന്നു കണ്ട ചില ജീവിതങ്ങളും പഠനത്തെ സ്വാധീനിച്ചിട്ടുണ്ട്. സ്ത്രീയുടെ അധഃപതനം എവിടെ തുടങ്ങി, എങ്ങനെ ആ അധഃപതനത്തിന്റെ തോത് വളർന്നു കൊണ്ടേയിരുന്നു, ഇന്ന് അത് എവിടെയെത്തി നിൽക്കുന്നു, എന്നതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ അടിസ്ഥാന മാക്കിയാണ് ഈ ലേഖനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പുരാതന-മധ്യ-ആധുനിക കാല ഗതിവിഗതികളിലൂടെ വളരെ സംക്ഷിപ്തമായി ഈ ലേഖനങ്ങൾ സഞ്ചരിക്കുന്നു. ഏതൊരു വായനക്കാരനും അവന്റെ സാഹചര്യങ്ങളുമായി ചേർത്തുവയ്ക്കാൻ കഴിയുന്നതാണ് ഈ പുസ്തകം.

പ്രതിനിധാനം, സ്ത്രീയെ സമൂഹം കാണുന്ന രീതിയെയും അവർ സ്വന്തം കഥകൾ പറയുന്ന രീതിയെയും വിലയിരുത്തുന്നു. പ്രതിരോധം, അവരെ ചെറുത്തുനിൽപ്പിൻ്റെയും സ്വാതന്ത്ര്യത്തി ന്റെയും വഴികളിലേക്ക് നയിക്കുന്ന ജീവശക്തിയാണ്.
ഈ പുസ്തകം അധ്യാപകർക്കും, ഗവേഷകർക്കും, വിദ്യാർ ത്ഥികൾക്കും, സ്ത്രീയുടെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക യാത്രയെ ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപ കാരപ്പെടുമെന്നതിൽ തർക്കമില്ല. സ്ത്രീപഠനങ്ങളുമായി ബന്ധപ്പെട്ട് മലയാള ഭാഷാസാഹിത്യശേഖരത്തിലേക്ക് ഒരു നിർണ്ണായക സംഭാവനയാണ് ഈ പുസ്തകം.

മലപ്പുറം തിരൂരിൽ നടന്ന ചടങ്ങിൽ മലയാളം സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രഫ. എൽ.സുഷമ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. സ്ത്രീപഠനങ്ങൾ എന്ന വിഷയത്തെക്കുറിച്ചുള്ള സാമാന്യപരിചയം നൽകുക എന്നതു മാത്രമല്ല, കൂടുതൽ ആഴത്തിലുള്ള ചിന്തയ്ക്കും പ്രവർത്തനാത്മക പങ്കാളിത്തത്തിലേക്കും വാതിൽ തുറക്കുക എന്നതുമാണ് ‘സ്ത്രീ പഠനങ്ങൾ’ എന്ന് പ്രൊഫ. എൽ. സുഷമ അഭിപ്രായപ്പെട്ടു. ഡോ. ശ്രീജയുടെ മാതാപിതാക്കളായ കെ.ഗോപിയും ലീലയും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. പ്രഫ.സുനീത ടി. വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. അശോക് ഡിക്രൂസ് പുസ്തകപരിചയം നടത്തി. ഡോ.മഞ്ജുഷ ആർ.വർമ്മ, ഹരീഷ്. യു.പി., ജിനു, ശ്രീജ എൽ.ജി എന്നിവർ പ്രസംഗിച്ചു. ബുക്ജിൻ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
പുസ്തകത്തിന്റെ വില 250 രൂപ. പുസ്തകം ആവശ്യമുള്ളവർക്ക് താഴെയുള്ള വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം.
7736300323
BookJinn Publications