തിരുവനന്തപുരം: സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിലെ ഫാര്‍മസി കോഴ്സിന്റെ ഒന്നാംഘട്ട അലോട്മെന്റിനും ആര്‍ക്കിടെക്ചര്‍ കോഴ്സിന്റെ മൂന്നാംഘട്ട അലോട്മെന്റിനുമുള്ള പുതിയ ഓപ്ഷൻ ആഗസ്റ്റ് 22ന് വൈകീട്ട് അഞ്ചുവരെ സമർപ്പിക്കാം. ഇതിനു ശേഷം ഓഗസ്റ്റ് 23ന് താൽക്കാലിക അലോട്ട്മെന്റും 25ന് അന്തിമ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 26 മുതൽ 30 വൈകിട്ട് നാലു മണി വരെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ തുക പ്രവേശന പരീക്ഷാ കമീഷണർക്ക് ഓൺലൈനിൽ അടച്ച് അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടാം. പ്രവേശന സമയത്ത് ബാക്കി ട്യൂഷൻ ഫീസ്, ഡിപ്പോസിറ്റ് (ബാധകമെങ്കിൽ), മറ്റ് ഫീസുകൾ കോളജിൽ ഒടുക്കേണ്ടതാണ്. വാർഷിക ഫീസ് ഘടന (ഫാർമസി): സർക്കാർ ഫാർമസി കോളജുകളിൽ 17,370 രൂപ. സ്വാശ്രയ ഫാർമസി കോളജുകളിൽ ട്യൂഷൻ ഫീസ് 1,14,268 രൂപ, സ്പെഷൽ ഫീസ് 43,848 രൂപ. അലോട്ട്മെന്റ് ലഭിക്കുന്നവർ നിശ്ചിത സമയത്തിനകം പ്രവേശനം നേടിയില്ലെങ്കിൽ മുൻഘട്ടത്തിലെയും ഈ ഘട്ടത്തിലെയും അലോട്ട്മെന്റുകൾ റദ്ദാകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് http://cee.kerala.gov.in സന്ദർശിക്കുക.
ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം
കോട്ടയം: എംജി സര്‍വകലാശാലയില്‍ വിവിധ പിജി, ബിഎഡ് കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളജുകളിലലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള അന്തിമ അലോട്ട്മെന്റിന്റെ രണ്ടാംഘട്ടത്തിന് ഇപ്പോള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളജുകളിലെ ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകളും സ്വീകരിക്കും. ഓഗസ്റ്റ് 20ന് വൈകുന്നേരം അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ ഏതെങ്കിലും കോഴ്സിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാൻ കഴിയില്ല.