തിരുവനന്തപുരം:കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശനത്തിനുള്ള (KEAM) റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട സിബിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ നേർക്കുനേർ. പുതുക്കിയ റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജിയിൽ തങ്ങളുടെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർഥികളും തടസ്സഹർജി നൽകിയതോടെയാണ് സ്റ്റേറ്റ് സിബിഎസ്ഇ വിദ്യാർത്ഥികൾ തമ്മിലുള്ള പോര് കോടതിക്ക് മുന്നിലെത്തിയത്. ഹർജികൾ ഇന്ന് ജഡ്ജിമാരായ പി.എ സ്. നരസിംഹ, എ.എസ്. ചന്ദു കർ എന്നിവരുടെ ബെഞ്ച് പരിഗണിക്കും. സർക്കാർ പുതുതായി നടപ്പാക്കിയ മാർക്ക് ഏകീകരണ ഫോർമുല റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നടത്തിയ ഇടപെടൽ അധികാര പരിധി മറികടന്നുള്ളതാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമാണ് കേരള സിലബസ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.
പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയതു നിയമ വിരുദ്ധമാണെന്നും പ്രവേശന പരീക്ഷാ നടപടികളെ മുഴുവൻ സംശയമുനയിലാക്കുന്നതാണ് സർക്കാരിൽനിന്നുണ്ടായ നടപടിയെന്നുമാണ് സിബിഎസ്ഇ വിദ്യാർഥികളുടെ വാദം. റാങ്ക് പട്ടികയിൽ വീണ്ടും മാറ്റം വരു ത്തുന്നത് സിബിഎസ്ഇ വിദ്യാർഥികളെ പ്രതികൂലമായി ബാധി ക്കുമെന്നും ഹർജിയിൽ പറയുന്നു.
ഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17 നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണം
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ 2025-26 വർഷത്തെ പൊതു സ്ഥലംമാറ്റത്തിന് ശേഷം നിലനിൽക്കുന്ന ഒഴിവുകളിലേയ്ക്ക് അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ നടത്താനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫറിന് അപേക്ഷിക്കുന്നവരും, പൊതുസ്ഥലംമാറ്റത്തിനു ശേഷം പുതുതായി നിയമിതരായവരും അവരുടെ പ്രൊഫൈൽ ജൂലൈ 17നകം പുതുക്കണം. http://dhsetransfer.kerala.gov.in വഴിയാണ് പ്രൊഫൈൽ പുതുക്കേണ്ടത്. പോർട്ടലിൽ അധ്യാപകർ പ്രൊഫൈൽ പരിശോധിക്കുമ്പോൾ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകളോടെ പോർട്ടൽ വഴി പ്രിൻസിപ്പലിന് പരിശോധനയ്ക്ക് സമർപ്പിക്കണം. പ്രിൻസിപ്പൽമാരുടെ പരിശോധനയും തിരുത്തലും കൂട്ടിച്ചേർക്കലും പൂർത്തിയാക്കിയശേഷം അധ്യാപകർ അവരുടെ പ്രൊഫൈൽ കൺഫേം ചെയ്യേണ്ടതാണ്. ജൂലൈ 17 ന് ശേഷം അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിക്കുന്നതിനാൽ പിന്നീട് പ്രൊഫൈൽ തിരുത്താൻ അവസരം ലഭിക്കില്ല. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ ട്രാൻസ്ഫർ പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.