തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫർമസി പ്രവേശന പരീക്ഷ (KEAM) യുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. പുതിയ ഫലം പുറത്തു വന്നപ്പോൾ റാങ്ക് പട്ടികയിൽ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച ആദ്യ ഫലപ്രഖ്യാപനത്തിൽ മികച്ച നേട്ടം കൈവരിച്ച കേരള സിലബസ് വിദ്യാർത്ഥികൾ പുതിയ പട്ടികയിൽ ഏറെ പിന്നിലായി. ഒന്നാം റാങ്കുകാരൻ പുതുക്കിയ പട്ടികയിൽ ഏഴാം റാങ്കുകാരനായി. രണ്ടാം റാങ്കുകാരനും നാലാം റാങ്കുകാരനും മാറ്റമില്ല. മൂന്നാം റാങ്കുകാരൻ എട്ടാം സ്ഥാനത്തെത്തി. അഞ്ചാം റാങ്കുകാരൻ പുതിയ ഫലം വന്നപ്പോൾ ഒന്നാം റാങ്കുകാരനായും മാറി. പുതുക്കിയ പട്ടികയിൽ തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. ആദ്യ പട്ടികയിൽ അഞ്ചാം റാങ്കുകാരനായിരുന്നു ജോഷ്വ. പുതിയ റാങ്ക് ലിസ്റ്റിൽ ഒന്നാമതാവുമെന്ന് തീരെ പ്രതീക്ഷിച്ചില്ല എന്നും വളരെയേറെ സന്തോഷമുണ്ടെന്നും ജോഷ്വ പ്രതികരിച്ചു.
ആദ്യ റാങ്ക് പട്ടിക പ്രകാരം ആദ്യ 100 റാങ്കിൽ 43 പേർ കേരള സിലബസിൽ നിന്നുള്ളവരായിരുന്നു. എന്നാൽ പുതുക്കിയ റാങ്ക് പട്ടിക പ്രകാരം 21 കേരള സിലബസുകാരാണ് ആദ്യ 100 റാങ്കിൽ ഉൾപ്പെട്ടത്. ആദ്യ റാങ്ക് പട്ടികയിൽ ഒന്നാം റാങ്കുകാരൻ കേരള സിലബസ് വിദ്യാർഥിയായിരുന്നു.
കീം വെയ്റ്റേജ് സ്കോർ നിർണയ ഫോർമുലയിൽ ഭേദഗതി വരുത്തിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിധി ശരിവെച്ച് ഡിവിഷൻ ബെഞ്ച് വിധി വന്നതോടെയാണ് പഴയപഴയ ഫോർമുല (1:1:1) പ്രകാരം പുതിയ ഫലം പ്രഖ്യാപിച്ചത്.