തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷ (KEAM)യുടെ പുതിയ റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. മന്ത്രി അർ. ബിന്ദു ആണ് ഇക്കാര്യം അറിയിച്ചത്. വെയ്റ്റേജ് സ്കോർ നിർണയ ഫോർമുലയിൽ ഭേദഗതി വരുത്തിയ സിംഗിൾ ബെഞ്ച് വിധി ശരിവെച്ച ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകില്ലെന്നും മന്ത്രി പറഞ്ഞു. പഴയ ഫോർമുല (1:1:1) പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്ന് തന്നെ പ്രസിദ്ധീകരിക്കും. പഴയ പ്രോസ്‌പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് ഹൈകോടതി അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ചാകും പുതിയ ഫലപ്രഖ്യാപനം.
മുഴുവൻ കുട്ടികൾക്കും നീതി ലഭിക്കണമെന്നാണ് സർക്കാറിന്‍റെ നിലപാട്. പഴയ മാനദണ്ഡത്തില്‍ നീതികേടുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബദല്‍ കണ്ടെത്താന്‍ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. എന്നാൽ അത് തെറ്റാണെന്നും പ്രോസ്‌പെക്ടസിൽ മാറ്റം വരുത്താൻ പാടില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ, പ്രോസ്‌പെക്ടസിൽ മാറ്റം വരുത്താൻ സർക്കാറിന് അധികാരമുണ്ടെന്നും അതേസമയം, ഹൈകോടതി വിധി അംഗീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എ.ഐ.സി.ടി പ്രവേശനത്തിന് അവസാന തീയതി പറഞ്ഞിട്ടുള്ളത് ആഗസ്റ്റ് 14 ആണ്. അവസാന തീയതിക്ക് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതാണ്. അതിനാൽ കഴിഞ്ഞ വർഷം തുടർന്ന ഫോർമുല പ്രകാരം നടപടി തുടരും. കുട്ടികളുടെ അവസരം നഷ്ടപ്പെടാന്‍ പാടില്ല. പുതിയ റാങ്ക് പട്ടിക വരുമ്പോൾ തര്‍ക്കമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും മന്ത്രി പറഞ്ഞു.