തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കേരള എൻജിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) പരീക്ഷ ഫലം കേരള ഹൈകോടതി റദ്ദാക്കി. പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യംചെയ്തുള്ള ഹരജികളെ തുടർന്നാണ് പരീക്ഷ ഫലം റദ്ദാക്കിയത്. ജസ്റ്റിസ് ഡി.കെ.സിങാണ് പരീക്ഷാഫലം റദ്ദാക്കി ഉത്തരവിറക്കിയത്. എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ ഈ വർഷത്തെ റാങ്ക് നിര്‍ണയ രീതി സിബിഎസ്ഇസിലബസിലെ വിദാര്‍ഥികളെ ദോഷകരമായി ബാധിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ചിലർ ഹർജി ഫയൽ ചെയ്തത്. പരീക്ഷ നടത്തിയതിന് ശേഷം പ്രോസ്പെക്ടസ് മാറ്റി വെയിറ്റേജിൽ മാറ്റം വരുത്തിയതിനെയാണ് ഇവർ കോടതിയിൽ ചോദ്യംചെയ്തത്.
ജൂലൈ ഒന്നിനാണ് കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. എൻജിനീയറിങ് വിഭാഗത്തില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജും ഫാർമസിയിൽ ആലപ്പുഴ പത്തിയൂർ സ്വദേശിനി അനഘ അനിലും ഒന്നാം റാങ്ക് നേടിയിരുന്നു. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് തുല്യപരിഗണന നൽകിയുള്ള മാർക്ക് ഏകീകരണമായിരുന്നു കഴിഞ്ഞ വർഷം വരെയുണ്ടായിരുന്നത്. ഈ വർഷം പുതുക്കിയ മാർക്ക് ഏകീകരണത്തിൽ മാമാത്തമാറ്റിക്സിന് അധിക വെയ്റ്റേജ് നൽകി 5:3:2 എന്ന അനുപാതത്തിലേക്ക് മറ്റുജയായിരുന്നു. മാത്സിന് അഞ്ചും ഫിസിക്സിന് മൂന്നും കെമിസ്ട്രിക്ക് രണ്ടും എന്ന രീതിയിലാണ് വെയ്റ്റേജ് നൽകിയത്. ഈ വെയ്റ്റേജ് റദ്ദാക്കി പകരം മൂന്ന് വിഷയങ്ങൾക്കും തുല്യവെയ്റ്റേജ് എന്ന പഴയ രീതി തുടരാനാണ് കോടതി നിർദേശിച്ചത്.
എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ച ശേഷമാണ് മാർക്ക് ഏകീകരണ വ്യവസ്ഥയിൽ മാറ്റം വരുത്തി പ്രോസ്പെക്ടസ് ഭേദഗതി ചെയ്തത്. എൻജിനീയറിങ്ങിൽ 86,549 പേർ പരീക്ഷയെഴുതിയതിൽ 76,230 പേരാണ് യോഗ്യത നേടിയത്. ഇതിൽ 33,555 പെൺകുട്ടികളും 33,950 ആൺകുട്ടികളുമടക്കം 67,505 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ആദ്യ നൂറ് റാങ്കുകാരിൽ 43 പേർ പ്ലസ്ടു കേരള ബോർഡ് പരീക്ഷയെഴുതിയവരാണ്. 55 പേർ സി.ബി.എസ്.ഇ സിലബസും രണ്ടുപേർ ഐ.എസ്.സി.ഇ സിലബസും പ്രകാരം യോഗ്യതാ പരീക്ഷയെഴുതിയവരാണ്. 33,425 പേരാണ് ഫാർമസി പരീക്ഷയെഴുതിയത്. ഇതിൽ 27,841 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി.