തിരുവനന്തപുരം: ഹോളി കാരണം മാർച്ച് 15 ന് ഹിന്ദി ബോർഡ് പരീക്ഷ മാറ്റില്ലെന്നും ആ ദിവസത്തെ പരീക്ഷ എഴുതാൻ കഴിയാത്ത 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം നൽകുമെന്നും സിബിഎസ്ഇ.. രാജ്യത്ത് ചില പ്രദേശങ്ങളിൽ മാർച്ച് 14 വെള്ളിയാഴ്ച ഹോളി ആഘോഷിക്കുമെങ്കിലും, ആഘോഷങ്ങൾ അടുത്ത ദിവസത്തേക്ക് കൂടി നീളാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആഘോഷങ്ങൾ കാരണം വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ, പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് പിന്നീട് ഹിന്ദി പരീക്ഷ എഴുതാൻ അവസരം നൽകാൻ സിബിഎസ്ഇ തീരുമാനിച്ചു. 15ന് പരീക്ഷ നടക്കുമെങ്കിലും, അതിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് ആ ദിവസം ഹാജരാകേണ്ടതില്ല. ഇവർക്ക് മറ്റൊരു ദിവസം ഹിന്ദി പരീക്ഷ നടത്തും. അതുപോലെ ദേശീയ -അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും പ്രത്യേക പരീക്ഷ നടത്തും.
