തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ വാർത്തയുടെ വിജയാശംസകൾ. 2024-25 അധ്യയന വർഷത്തെ എസ്എസ്എല്‍സി /റ്റിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷകള്‍ ഇന്നുമുതൽ (മാര്‍ച്ച് 3) ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ്മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ എസ്എസ്എൽസി പരീക്ഷ എഴുതും. ഇതിൽ 2,17,696 പേർ ആൺകുട്ടികളും 2,09,325 പേർ പേർ പെൺകുട്ടികളുമാണ്. സർക്കാർ, എയിഡഡ്, അണ്‍ എയിഡഡ് മേഖലകളിലെ സ്കൂളുകളില്‍ നിന്നും റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇങ്ങനെ ഗവ.സ്കൂളുകൾ: 1,42,298 കുട്ടികള്‍. എയിഡഡ് സ്കൂളുകള്‍ 2,55,092 കുട്ടികള്‍. അണ്‍ എയിഡഡ് സ്കൂളുകൾ 29,631 കുട്ടികള്‍.
ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്കീമില്‍ (പി.സി.ഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893). ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,017.ഏറ്റവും കുറച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് ഗവ. സംസ്കൃതം എച്ച്.എസ് ഫോര്‍ട്ട് (തിരുവനന്തപുരം വിദ്യാഭ്യാസജില്ല) എന്ന കേന്ദ്രത്തിലാണ് (ഒരു കുട്ടി).
റ്റി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. (ആണ്‍കുട്ടികള്‍ – 2,815 പെണ്‍കുട്ടികള്‍ – 242) എഎച്ച്എസ്.എല്‍സി. വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി. കുട്ടികളുടെ എണ്ണം 65. എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 കുട്ടികൾ. റ്റി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 1 പരീക്ഷാ കേന്ദ്രമാണുളളത്. കുട്ടികളുടെ എണ്ണം12.
ഹയർ സെക്കന്ററി വിഭാഗം
🌐ഹയർ സെക്കന്ററി രണ്ടാംവർഷ പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. 03/03/2025 മുതൽ 26/03/2025 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് പ്ലസ് ടു പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. ഉച്ചക്കു ശേഷമാണ് ഹയര്‍സെക്കന്‍ററി പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്.
🌐2025 ലെ ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകൾ 06/03/2025 മുതൽ 29/03/2025 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം വര്‍ഷ ഹയർ സെക്കന്ററി പരീക്ഷയോടൊപ്പം ഒരേ ടൈംടേബിളിലാണ് 2024 ൽ നടന്ന ഒന്നാം വര്‍ഷ ഹയർ സെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷകൾ നടത്തുന്നത്. 29/03/2025 നുള്ള ഒന്നാം വർഷ ഹയർ സെക്കന്ററി ഇംഗ്ലീഷ് സമയക്രമം രാവിലെ 09.30 മുതൽ 12.15 വരെയായി പുന:ക്രമീകരിച്ചിട്ടുണ്ട്.
2025 ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം ചുവടെ ചേർക്കുന്നു. ഒന്നാം വർഷ വിദ്യാർത്ഥികളുടെ എണ്ണം – 413417ആണ്. ഒന്നാം വർഷ വിദ്യാർത്ഥികളിൽ ആൺകുട്ടികളുടെ എണ്ണം – 206545 ഉം, ഒന്നാം വർഷ വിദ്യാർത്ഥികളിൽ പെൺകുട്ടികളുടെ എണ്ണം – 206872ഉം ആണ്. ഒന്നാംവർഷ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി വിദ്യാർത്ഥികളുടെ എണ്ണം – 316299 ഉം രണ്ടാം വർഷ വിദ്യാർത്ഥികളുടെ എണ്ണം – 444693 ഉം ആണ്. ഹയർസെക്കണ്ടറി ഒന്നും രണ്ടും വർഷങ്ങളിലായി മൊത്തം 11,74,409 കുട്ടികൾ പരീക്ഷ എഴുതുന്നു. ഇതിൽ ആൺകുട്ടികൾ – 5,79,688, പെൺകുട്ടികൾ – 5,94,721. 2025 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്കായി 2000 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട് . 2000 പരീക്ഷ കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്നുള്ള പരീക്ഷ കേന്ദ്രങ്ങൾ -1981, ഗൾഫ് പരീക്ഷ കേന്ദ്രങ്ങൾ – 8, ലക്ഷദ്വീപ് പരീക്ഷ കേന്ദ്രങ്ങൾ – 9, മാഹി പരീക്ഷ കേന്ദ്രങ്ങൾ – 2. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ചീഫ് സൂപ്രണ്ടുമാരെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും ഇൻവിജിലേറ്റർമാരെയും നിയമിച്ച് ഉത്തരവായിട്ടുണ്ട്. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും എത്തിച്ചിട്ടുണ്ട്.ചോദ്യപേപ്പർ സുരക്ഷക്കായി എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും നൈറ്റ് വാച്ച്മാനെയും നിയമിച്ചിട്ടുണ്ട്. പരീക്ഷ എഴുതുന്ന കുട്ടികൾക്കും മന്ത്രി വി.ശിവൻകുട്ടി വിജയാശംസകൾ നേർന്നു.