തിരുവനന്തപുരം: ഹയർ സെക്കന്ററി പരീക്ഷയുടെ ഇൻവിജിലേറ്റർമാരായി നിയോഗിക്കുന്ന ഹൈസ്കൂൾ, യുപി, എൽപി സ്കൂൾ അധ്യാപകർക്ക് അവരുടെ സമീപ സ്കൂളുകളിൽ തന്നെ പരീക്ഷാ ഡ്യൂട്ടി നൽകണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ഇവരുടെ പട്ടിക ഡിഇഒമാർ ഹയർ സെക്കന്ററി ഡിഡിമാർക്കു നൽകണമെന്ന് ഡിജിഇ നിർദേശിച്ചു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന എൽപി, യുപി സ്കൂളുകൾക്ക് മാർച്ച് 17വരെ ക്ലാസ് ഉള്ളതിനാൽ ഹൈസ്കളുകൾക്ക് അനുബന്ധമായി പ്രവർത്തിക്കുന്ന എൽപി, യുപി സ്‌കൂളുകളിലെ അധ്യാപകരെ വേണം പരമാവധി പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കാനെന്നും ഡിജിഇയുടെ സർക്കുലറിൽ പറയുന്നു. ഈ സ്കൂളുകളിൽ വേണ്ടത്ര അധ്യാപകർ ലഭ്യമല്ലെങ്കിൽ മാത്രമേ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ നിന്നുള്ള അധ്യാപകരെ ഉൾപ്പെടുത്താവു എന്നും നിർദേശമുണ്ട്.
മാർച്ച് 3ന് ആരംഭിക്കുന്ന ഹയർ സെക്കന്ററി പരീക്ഷയ്ക്കായി 27,000 അധ്യാപകരെയാണു ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഹയർ സെക്കന്ററിയിൽ ഇത്രയും അധ്യാപകർ ഇല്ലാത്തതിനാലാണ് മറ്റു സ്കൂളുകളിൽ നിന്നുള്ള അധ്യാപകരെയും ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്.