തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തലസ്ഥാന നഗരിയിൽ തിരി തെളിയും. നാളെ രാവിലെ 9ന് പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. തുടർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും. തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും. വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക. കലോത്സവത്തിനായി മത്സരാർഥികൾ കലോത്സവ നഗരിയിൽ എത്തിത്തുടങ്ങി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സംഘത്തെ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
കണ്ണൂർ,കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികളും, സ്കൂൾ അധ്യാപകരും, രക്ഷിതാക്കളുമാണ് ആദ്യസംഘങ്ങളായി തലസ്ഥാനത്തു എത്തിച്ചേർന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർഥികളെ രജിസ്ട്രേഷൻ കൗണ്ടറിലേക്കും. താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മേളയ്ക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോട് കൂടിയ സ്റ്റിക്കറുകൾ പതിക്കും.25 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പതിനയ്യായിരത്തോളം കുട്ടികളാണു മാറ്റുരയ്ക്കുന്നത്. മത്സരാർഥികള്‍ക്ക് 253 സ്‌കൂളുകളിലായാണു താമസം ഒരുക്കിയിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം താമസ സൗകര്യമുണ്ട്. 10 സ്‌കൂളുകള്‍ റിസര്‍വായും കരുതിയിട്ടുണ്ട്. നാളെ സംസ്ഥാന കലോത്സവത്തിന് കൊടിയേറും.