തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ വിദ്യാകിരണം മിഷൻ്റെ ഭാഗമായി കിഫ്ബി, പ്ലാൻഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തി പുതുതായി നിർമ്മിച്ച 30 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിൽ 3 കോടി കിഫ്ബി ധനസഹായത്തോടെ 8 സ്കൂൾ കെട്ടിടങ്ങളും 1 കോടി കിഫ്ബി ധനസഹായത്തോടെ 12 സ്കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 10 സ്കൂൾ കെട്ടിടങ്ങളും ഉൾപ്പെടും. കൂടാതെ 12 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടൽ കർമ്മവും ഇതോടൊപ്പം നിർവ്വഹിക്കും.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം ജി.എച്ച്.എസിലും മറ്റിടങ്ങളിൽ ഓൺലൈൻ വഴിയുമാണ് നടക്കുന്നത്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന ശ്രീകാര്യം ഗവൺമെൻ്റ് ഹൈസ്‌കൂളിൽ 9.50 കോടി രൂപ വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് കെട്ടിട സമുച്ചയമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. തിരുവനന്തപുരം നഗരസഭ സ്‌മാർട്ട് സിറ്റി പദ്ധതി പ്രകാരം 1.01 കോടി രൂപ വിനിയോഗിച്ച് ഈ കെട്ടിട സമുച്ചയത്തിലെ എല്ലാ ക്ലാസ് മുറികളും സ്‌മാർട്ട് ക്ലാസ് റൂമുകളാക്കുന്ന പ്രവൃത്തിയും പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.