തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള ഹയർ സെക്കൻ്ററി വിഭാഗം നാഷണൽ സർവീസ് സ്കീം സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ഹയർ സെക്കന്ററി എൻഎസ്എസ്. യൂണിറ്റുകളായി കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലം ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ പെരിങ്ങളം എന്നീ യൂണിറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടു. സലീം എൻ.കെ., രതീഷ് ആർ. നായർ എന്നിവരെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർമാ രായി തിരഞ്ഞെടുത്തു. മികച്ച ജില്ലാ കൺവീനർക്കുള്ള ഡയറക്ടേഴ്‌സ് അവാർഡിന് ഹയർ സെക്കന്ററി വിഭാഗം ഇടുക്കി ജില്ലാ കൺവീനർ സുമോൾ ചാക്കോ അർഹയായി. റീജിയൻ തലത്തിൽ തിരുവനന്തപുരം വെള്ളറട വി.പി.എം. ഹയർ സെക്കന്ററി സ്കൂൾ, പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ, കണ്ണൂർ തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്‌കൂൾ എന്നീ യൂണിറ്റുകൾ മികച്ച യൂണിറ്റുകളായി തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനതലത്തിലെ മികച്ച എൻ.എസ്.എസ്. വോളൻ്റിയർമാരായി കോഴിക്കോട് പെരിങ്ങളം ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിലെ ശ്രേയ പി., വയനാട് വടുവഞ്ചാൽ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ മുഹമ്മദ് ഫിനാസ്, തിരുവനന്തപുരം വി.പി.എം. ഹയർ സെക്കൻ്ററി സ്കൂളിലെ ജീവൻ കൃഷ്‌ണൻ എം., ആലപ്പുഴ ഹോളി ഫാമിലി ഹയർസെക്കൻ്ററി സ്‌കൂളിലെ നിയ ഫിലിപ്പ് എന്നിവർ അർഹരായി.
എൻ.എസ്.എസ്. ജില്ലാതലത്തിലെ മികച്ച യൂണിറ്റുകൾ, വോളൻ്റിയർമാർ എന്നിവർക്കുള്ള പുരസ്ക്കാരവും സെപ്റ്റംബർ 24 എൻ.എസ്.എസ്, ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചു.