തിരുവനന്തപുരം:എൻജിനീയറിങ് ബിരുദക്കാർക്ക് ഇന്ത്യൻ കരസേനയിൽ അവസരം. 2025 ഏപ്രിലിൽ ആരംഭിക്കുന്ന ഷോർട്ട് സർവിസ് കമീഷൻ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഇരു വിഭാഗങ്ങൾക്കും പ്രത്യേകം കോഴ്സുകളാണ്.
അപേക്ഷകർ അവിവാഹിതരായിരിക്കണം. മരണപ്പെട്ട സായുധ സേനാ ജീവനക്കാരുടെ വിധവകൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പ്രതിമാസം 56,100 രൂപ സ്റ്റൈപ്പന്റോടെ പരിശീലനം നൽകും. 49 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക്’ ഡിഫൻസ് മാനേജ്‌മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ പി.ജി ഡിപ്ലോമ നൽകി ലഫ്റ്റനന്റ് പദവിയിൽ 56,100-1,77,500 രൂപ ശമ്പള നിരക്കിൽ ഓഫിസറായി നിയമനം നൽകും.
വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി ആകെ 379 ഒഴിവുകളാണ് ഉള്ളത്. ഇതിൽ എസ്.എസ്.സി ടെക്നിക്കൽ വിഭാഗത്തിലായി 350 ഒഴിവുണ്ട്. (സിവിൽ 75, കമ്പ്യൂട്ടർ സയൻസ് 60, ഇലക്ട്രിക്കൽ 33, ഇലക്ട്രോണിക്സ് 64, മെക്കാനിക്കൽ 10, മറ്റു ബ്രാഞ്ചുകൾ 17). എസ്.എസ്.സി (ടെക്) വിമൻസ് വിഭാഗത്തിന് 29 ഒഴിവുകൾ ലഭ്യമാണ് (സിവിൽ ഏഴ്, കമ്പ്യൂട്ടർ സയൻസ് നാല്, ഇലക്ട്രിക്കൽ മൂന്ന്, ഇലക്ട്രോണിക്സ് ആറ്, മെക്കാനിക്കൽ ഒമ്പത്). ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. അവസാന വർഷ എൻജിനീയറിങ് ബിരുദ വിദ്യാർഥികളെയും പരിഗണിക്കും. 2025 ഏപ്രിൽ ഒന്നിനകം യോഗ്യത തെളിയിക്കണം. പ്രായപരിധി 20-27 വയസ്സ്. 1998 ഏപ്രിൽ രണ്ടിനും 2005 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങളും വിജ്ഞാപനവും http://joinindianarmy.nic.in ൽ ലഭ്യമാണ്. വെബ്സൈറ്റിലെ ഓഫിസർ എൻട്രി ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 14.