തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന് നടക്കും.
രാവിലെ 10മുതൽ 11വരെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഓഗസ്റ്റ് 7മുതൽ ആരംഭിക്കും. 12ന് ഉച്ചയ്ക്ക് 12വരെ പത്രിക നൽകാം. പത്രിക പിൻവലിക്കാനുള്ള തീയതി 13ന് വൈകിട്ട് 3വരെ. ഇതിനു ശേഷം 13ന് വൈകിട്ട് 3.30ന് മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 16ന് രാവിലെ 11ന് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിക്കകം വോട്ടെണ്ണൽ പൂർത്തീകരിക്കും. അത് ക്ലാസുകളിൽ തന്നെയാണ് വോട്ടെണ്ണൽ നടക്കുക. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. ഇതിനുശേഷം സ്കൂൾ പാർലമെന്റിന്റെ ആദ്യ യോഗം വൈകിട്ട് മൂന്നിന് നടക്കും.
നിബന്ധനകൾക്ക് വിധേയമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നും ആയതിലെ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു. തികച്ചും സമാധാനപരവും രാഷ്ട്രിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും ആയിരിക്കണം പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നും വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും ഐക്യവും സാഹോദര്യവും വളർത്തുവാൻ സഹായകരമായ വിധത്തിലും ആയിരിക്കണം എന്നും നിർദ്ദേശിക്കുന്നു.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്ന വിവരം സ്കൂൾ അധികൃതർ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. സർക്കാർ നിർദ്ദേശങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് എന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പു വരുത്തേണ്ടതാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.