തിരുവനന്തപുരം:കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യ ബോർഡ്) മത്സ്യതൊഴിലാളി-അനുബന്ധ തൊഴിലാളികളുടെ മക്കൾക്കായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു / വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈ സ്‌കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയവർ, കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിജയം നേടുന്നവർ എന്നിവർക്കാണ് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡിന് അർഹത. അപേക്ഷകൾ അനുബന്ധ രേഖകൾക്കൊപ്പം മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസുകളിൽ ജൂലൈ 15നകം നൽകണം. 2024 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 8A+, 9A+, 10A+ വാങ്ങിയ വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി വിഭാഗത്തിൽ അവാർഡിന് അപേക്ഷിക്കാം.
2024 ലെ പ്ലസ്ടു /വി.എച്ച്.എസ്.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങിയ വിദ്യാർഥികൾക്ക് ഇതേ വിഭാഗത്തിൽ അവാർഡിന് അപേക്ഷിക്കാം.
വ്യക്തിഗതവും ഗ്രൂപ്പ് അടിസ്ഥാനത്തിലും ഉള്ള കായിക മത്സര ഇനങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കായിക പ്രോത്സാഹന അവാർഡിന് അപേക്ഷിക്കാം.
പാസ് സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷാകർത്താവിന്റെ ക്ഷേമനിധി ബോർഡ് പാസ്സ് ബുക്കിന്റെ ഫോട്ടോ പതിച്ച പേജ്, കുടുംബ വിവര പേജ്, വിഹിതമടവ് രേഖപ്പെടുത്തിയിട്ടുള്ള പേജ് എന്നിവയുടെ പകർപ്പ്, വിദ്യാർഥിയുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, രണ്ട് പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ അപേക്ഷൾക്കൊപ്പം നൽകണം.