കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല അവസാന സെമസ്റ്റർ ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഈ സെമസ്റ്ററിൽ പരീക്ഷയെഴുതിയ 33383 വിദ്യാർഥികളിൽ 25613 പേർ വിജയിച്ചു. 76.72 ആണ് വിജയശതമാനം. പരീക്ഷ കഴിഞ്ഞ് 10-ാം ദിവസമാണ് ഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷാ ഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം, ബി.എസ്.എം, ബി.എഫ്.എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് അതിവേഗത്തിൽ പരീക്ഷാ ഫലം ലഭ്യമാക്കിയതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു സർവകലാശാലയെ അഭിനന്ദിച്ചു.
ഒൻപത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണയ ക്യാമ്പുകളിൽ രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന മെയ് 14ന് അവസാനിച്ചു. ടാബുലേഷനും അനുബന്ധ ജോലികളും സമയബന്ധിതമായി പൂർത്തീകരിച്ചാണ് ഫലം തയ്യാറാക്കിയതെന്ന് പരീക്ഷാ നടത്തിപ്പിൻറെ ചുമതലയുള്ള സിൻഡിക്കേറ്റ് സബ് കമ്മിറ്റി കൺവീനർ ഡോ. എസ്. ഷാജില ബീവി പറഞ്ഞു. കഴിഞ്ഞ വർഷം പരീക്ഷ കഴിഞ്ഞ് 14 ദിവസത്തിനു ശേഷമാണ് ഫലം വന്നത്. ഈ കാലയളവാണ് സർവകലാശാല വീണ്ടും മെച്ചപ്പെടുത്തിയത്.
ഇതിനായി സർവകലാശാലയിലെ പരീക്ഷയുമായി ബന്ധപ്പെട്ട സെക്ഷനുകൾ അവധി ദിവസങ്ങളിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്നതായി പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് പറഞ്ഞു.
മൂല്യനിർണയ ജോലികൾ ചിട്ടയോടെ പൂർത്തീകരിച്ച അധ്യാപകരെയും ക്യാമ്പുകൾക്ക് മേൽനോട്ടം വഹിച്ചവരെയും ഏകോപനച്ചുമതല നിർവഹിച്ച സിൻഡിക്കേറ്റ് അംഗങ്ങളെയും പരീക്ഷാ വിഭാഗത്തിലെ ജീവനക്കാരെയും വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അഭിനന്ദിച്ചു.