തിരുവനന്തപുരം:2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മെയ് 8ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 3നാണ് ഫലപ്രഖ്യാപനം നടക്കുക. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മെയ് 10നകം പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ സ്കൂൾ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.
ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത് ആകെ നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് (4,27,105) വിദ്യാർത്ഥികളാണ്. ഇതിൽ രണ്ട് ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ്റി ഇരുപത്തിയഞ്ച് (2,17,525) ആൺകുട്ടികളും രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി അഞ്ഞൂറ്റി എൺപത് (2,09,580) പെൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി പതിനായിരത്തി എണ്ണൂറ്റി അറുപത്തി മൂന്ന് (10,863) അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണ്ണയം പൂർത്തിയാക്കി.
ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.