തിരുവനന്തപുരം:ഹയർസെക്കന്ററി തസ്തിക നിർണയം അനിവാര്യമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. തസ്തിക അനുവദിക്കുന്നതിന് മിനിമം ഏഴ് പിരീഡുകൾ വേണം എന്ന സർക്കാർ ഉത്തരവ് 2017-ൽ നിലവിൽ വന്നിരുന്നു.
എന്നാൽ ഗവൺമെന്റ് സ്‌കൂളുകളിൽ അതിനു മുമ്പ് സൃഷ്ടിച്ച തസ്തികകളെ ഏഴ് പിരീഡ് മിനിമം എന്ന കണക്ക് വെച്ച് പുനർനിർണ്ണയിച്ചിരുന്നില്ല. ആയതിനാൽ പഴയ തസ്തികകൾ ഒഴിവു വന്നപ്പോൾ പി.എസ്.സി. മുഖേന നിയമനം നടന്നിരുന്നു. അങ്ങനെയാണ് ഹയർ സെക്കണ്ടറി ജൂനിയർ ഇംഗ്ലീഷ് തസ്തികയിൽ ഏഴ് പിരീഡ് ഇല്ലാതെ അധിക നിയമനം നടന്നു എന്ന കണക്ക് ഉണ്ടാകുന്നതും അവരെ സൂപ്പർ ന്യൂമററി ആയി നിലനിർത്താൻ മന്ത്രിസഭ തീരുമാനിച്ചതും. അതിനാൽ മറ്റു വിഷയങ്ങളിലും തസ്തിക പുനർ നിർണ്ണയിക്കാതെ വേക്കൻസികൾ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായി.
1991-ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം ഹയർ സെക്കണ്ടറിയിൽ ഒരു ബാച്ച് നിലനിൽക്കുന്നതിന് ചുരുങ്ങിയത് ഇരുപത്തിയഞ്ച് വിദ്യാർത്ഥികൾ വേണം.
എന്നാൽ തസ്തിക സൃഷ്ടിച്ച് സ്ഥിര അധ്യാപകർ സർവ്വീസിൽ തുടരുന്ന നിരവധി ബാച്ചുകളിൽ ഇപ്പോൾ വിദ്യാർത്ഥികൾ ഇരുപത്തിയഞ്ചിൽ താഴെയാണ് ഉള്ളത്.
ഇത്തരത്തിലുള്ള ബാച്ചുകൾ 2022-ൽ 105 ആയിരുന്നെങ്കിൽ 2023-ൽ 129 ആണ്. അതിനാൽ അത്തരം ബാച്ചുകളിൽ തസ്തികകൾ പുനർനിർണ്ണയിച്ച് അധ്യാപകരെ പുനർവിന്യസിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
പല വർഷങ്ങളിലായി 38 ബാച്ചുകൾ വടക്കൻ ജില്ലകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ ബാച്ചുകൾ എടുത്തു മാറ്റിയ സ്‌കൂളുകളിൽ തസ്തികകൾ ഇല്ലാതെ ആയിട്ടുമില്ല. അത്തരം സ്‌കൂളുകളിൽ തസ്തികകൾ പുനർനിർണ്ണയിച്ച് ഉത്തരവാകേണ്ടതുണ്ട്.
ഈ മൂന്ന് കാരണങ്ങൾ കൊണ്ടും ഒഴിവുള്ള തസ്തികകളിൽ പരമാവധി പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ നിയമനം ഉറപ്പാക്കാനുമാണ്
ഹയർ സെക്കണ്ടറിയിൽ അടിയന്തിരമായി തസ്തിക നിർണ്ണയം നടത്തേണ്ട സാഹചര്യമുണ്ടായിട്ടുള്ളത്.
പല ഹയർ സെക്കണ്ടറി അധ്യാപക റാങ്ക് ലിസ്റ്റുകളും അടുത്ത് കാലാവധി അവസാനിക്കുന്നുണ്ട് എന്ന കാര്യവും കണക്കിലെടുത്തിട്ടുണ്ട് എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.