തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി. പക്ഷികൾക്ക് മുന്നോടിയായി
14 ജില്ലകളിലെയും കളക്ടർമാരുടെയും ജില്ലകളിലെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ വരെയുള്ള ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പരീക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്. എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് മാസം വിവിധ തീയതികളിലായി ആരംഭിക്കുകയാണ്. ഇതിൽ എസ്എസ്എൽസി പരീക്ഷ മാർച്ച് 4 ന് ആരംഭിച്ച് മാർച്ച് 25 ന് അവസാനിക്കും. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 1ന് ആരംഭിച്ച് മാർച്ച് 26ന് ആണ് അവസാനിക്കുന്നത്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ കേരളം, ലക്ഷദ്വീപ്,ഗൾഫ് എന്നീ മേഖലകളിലെ വിവിധ സെന്ററുകളിൽ നടക്കുന്നുണ്ട്.
എസ്എസ്എൽസി പരീക്ഷയ്ക്ക് ആകെ 2971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയർ സെക്കന്ററി പരീക്ഷയ്ക്ക് 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർത്ഥികളും രണ്ടാം വർഷം 4,44,097 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്.
വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ 389 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 27,770 കുട്ടികളും
രണ്ടാംവർഷം 29,337 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്ക് കേരളത്തിൽ മാത്രമേ സെന്ററുകൾ ഉള്ളൂ. എസ്.എസ്.എൽ.സി. പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായി രണ്ട് ദിവസമായി പോലീസ് അകമ്പടിയോടെ ചോദ്യപേപ്പർ വിതരണം നടന്നു വരികയാണ്. കൂടാതെ കേരളത്തിലെ 41 വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലെ സ്‌ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ചോദ്യ പേപ്പറുകൾക്ക് മാർച്ച് 25വരെ പോലീസ് സംരക്ഷണം ഉണ്ടാകും. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ ചോദ്യ പേപ്പറുകൾ അതത് സ്‌കൂളുകളിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി സൂക്ഷിക്കും. പ്രസ്തുത മുറികളിൽ സി.സി.റ്റി.വി. സംവിധാനം സ്ഥാപിച്ചിട്ടുണ്ട് എന്ന കാര്യം നേരിട്ടുള്ള പരിശോധനയിലൂടെ ചുമതലയുള്ള ഉദ്യോഗസ്ഥർ റിപ്പോർട്ട് ലഭ്യമാക്കണം. എല്ലാ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും പോലീസിന്റെ പ്രത്യേക സുരക്ഷാ പരിശോധന അനിവാര്യമാണ്. എസ്.എസ്.എൽ.സി. പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ട്രഷറികളിലും ബാങ്കുകളിലുമായാണ് സൂക്ഷിക്കുന്നത്. മുൻ വർഷങ്ങളിലേത് പോലെ തന്നെ സാധാരണ പരീക്ഷ സമയത്തിന് മുമ്പേ ചോദ്യപേപ്പർ ബണ്ടിലുകൾ ഓരോ വിദ്യാഭ്യാസ ജില്ലയേയും പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ച് ആ ക്ലസ്റ്ററുകളുടെ ചുമതലയുള്ള വിതരണ ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടതുണ്ട്. ചോദ്യപേപ്പറുകൾ സമയനിഷ്ഠ പാലിച്ച് വിതരണം നടത്തുന്നതിന് ഓരോ ജില്ലയിലേയും ലീഡ് ബാങ്ക് മാനേജർമാർ ബന്ധപ്പെട്ട ബാങ്കുകൾക്കും ജില്ലാ ട്രഷറി ഓഫീസർമാർ മറ്റു ട്രഷറികൾക്കും കൃത്യമായ നിർദ്ദേശം നൽകേണ്ടതുണ്ട്. അതുപോലെ തന്നെ ഓരോ ദിവസത്തെയും ഉത്തരക്കടലാസ് ബണ്ടിലുകൾ അതേ ദിവസം തന്നെ പോസ്റ്റാഫിസുകളിൽ എത്തിക്കേണ്ടതുണ്ട്.
സ്‌കൂളുകളിൽ നിന്നും ഉത്തരക്കടലാസുകൾ എത്തുന്ന സമയം വരെ പോസ്റ്റാഫീസുകൾ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നിർദ്ദേശം ചീഫ് പോസ്റ്റുമാസ്റ്റർ ജനറലിന് നൽകുന്നതിന് സർക്കാർ തലത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 2024 ഏപ്രിൽ മാസം ആരംഭിക്കുന്ന പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയ ക്യാമ്പുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പോലീസിന്റെ ഭാഗത്തു നിന്ന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്. ഹയർ സെക്കന്ററിയിൽ 77, എസ്.എസ്.എൽ.സി.ക്ക് 70, വൊക്കേഷണൽ ഹയർ സെക്കന്ററിയ്ക്ക് 8 എന്നിങ്ങനെ മൂല്യനിർണ്ണയ ക്യാമ്പുകളാണുള്ളത്. മൂല്യനിർണ്ണയ ക്യാമ്പുകളുടെ സമയബന്ധിതമായ പ്രവർത്തനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ കൃത്യമായ പരിശോധന ഇടവേളകളില്ലാതെ നടത്തി റിപ്പോർട്ട് ലഭ്യമാക്കണമെന്നും മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ ചൂണ്ടിക്കാട്ടി.