പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഇല്ലാതാക്കാം: നാളെമുതൽ പക്ഷാചരണം

Feb 13, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമെന്ന് മന്ത്രി വീണാ ജോർജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളിൽ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാൽ ആരംഭത്തിൽതന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. എന്നിവ നൽകുന്നത് വഴി നിർജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ. എസിനൊപ്പം ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം സിങ്ക് ഗുളികയും നൽകേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും. വയറിളക്കം നിൽക്കുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

2024 ഫെബ്രുവരി 14 മുതൽ 28 വരെ സംസ്ഥാനത്ത് വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം നടത്തും. വയറിളക്കരോഗമുള്ള കുട്ടികൾക്ക് ഒ.ആർ.എസ്., സിങ്ക് ഗുളികകൾ നൽകുന്നുവെന്ന് ഉറപ്പാക്കുക, വയറിളക്കം മൂലമുള്ള ശിശുമരണം ഇല്ലാതാക്കുക, ഒ.ആർ.എസ്, സിങ്ക് ഗുളികകൾ എന്നിവ നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ പക്ഷാചരണത്തിന്റെ ലക്ഷ്യങ്ങൾ.

പക്ഷാചരണത്തിന്റെ ഭാഗമായി ആശാ പ്രവർത്തകർ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളിൽ ഒ.ആർ. എസ്. എത്തിക്കുകയും അമ്മമാർക്ക് ബോധവത്ക്കരണം നൽകുകയും ചെയ്യും. കൂടാതെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരുടെ 4 മുതൽ 8 പേരടങ്ങുന്ന ഗ്രൂപ്പുകളെ ഒ.ആർ.എസ്. ലായിനി തയ്യാറാക്കാൻ പരിശീലിപ്പിക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒ.ആർ.എസ്., സിങ്ക് കോർണറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും.

രോഗപ്രതിരോധത്തിനായി കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനായി സ്‌കൂൾ അസംബ്ലിയിൽ സന്ദേശം നൽകുക, ശാസ്ത്രീയമായി കൈ കഴുകുന്ന രീതി കുട്ടികളെ പഠിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ കൈകഴുകുന്ന സ്ഥലത്ത് പതിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമായി നടത്തുന്നതാണ്.

വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം സിങ്ക് നൽകുന്നത് ശരീരത്തിൽ നിന്നും ഉണ്ടായ ലവണ നഷ്ടം പരിഹരിക്കുന്നതിനും രോഗം വേഗം ഭേദമാകുന്നതിനും വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. രണ്ട് മുതൽ ആറ് മാസം വരെ പ്രായമുള്ള കുട്ടികൾക്ക് ദിവസം 10 മില്ലി ഗ്രാം സിങ്ക് ഗുളികയും ആറ് മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 20 മില്ലി ഗ്രാം സിങ്ക് ഗുളികയും 14 ദിവസം വരെ നൽകേണ്ടതാണ്. രോഗം ഭേദമായാലും 14 ദിവസം വരെ ഗുളിക നൽകേണ്ടതാണ്. കുഞ്ഞുങ്ങൾക്ക് 6 മാസം വരെ മുലപ്പാൽ മാത്രമേ നൽകാവൂ. വയറിളക്ക രോഗമുള്ളപ്പോഴും കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകേണ്ടതാണ്. 6 മാസത്തിൽ കൂടുതൽ പ്രായമുള്ള, മറ്റ് ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്ന, കുഞ്ഞുങ്ങൾക്ക് രോഗം ഭേദമായതിനുശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനായി സാധാരണ നൽകുന്നത് കൂടാതെ അധിക തവണ ഭക്ഷണം നൽകേണ്ടതാണ്.
രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വയറിളക്ക രോഗം പ്രതിരോധിക്കുന്നതിനായി വ്യക്തിശുചിത്വം, ഭക്ഷണ ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞുങ്ങളിൽ വയറിളക്ക രോഗം പ്രതിരോധിക്കാം
🔵6 മാസം വരെ മുലപ്പാൽ മാത്രം നൽകുക.
🔵പാൽക്കുപ്പി കഴിവതും ഉപയോഗിക്കാതിരിക്കുക.
🔵പാൽ നന്നായി തിളപ്പിച്ച ശേഷം മാത്രം നൽകുക.
🔵തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകുക.
🔵ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും ശുദ്ധജലം ഉപയോഗിക്കുക.
🔵പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
🔵ആഹാര സാധനങ്ങൾ നന്നായി അടച്ചു സൂക്ഷിക്കുക.
🔵പഴകിയ ആഹാര പദാർത്ഥങ്ങൾ നൽകരുത്.
🔵ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപും കൈകൾ നിർബന്ധമായും സോപ്പുപയോഗിച്ച് കഴുകണം.
🔵കുഞ്ഞുങ്ങളുടെ പല്ല് വൃത്തിയാക്കുന്നതിന് ശുദ്ധജലം ഉപയോഗിക്കുക
🔵മത്സ്യം, മാംസം എന്നിവ നന്നായി പാകം ചെയ്ത് മാത്രം നൽകുക.
🔵മുട്ട വേവിക്കുന്നതിന് മുൻപ് നന്നായി കഴുകുക
🔵വഴിയരികിൽ വൃത്തിയില്ലാതെയും തുറന്ന് വെച്ചിരിക്കുന്നതുമായ ഭക്ഷണ പാനീയങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകരുത്.
🔵കുഞ്ഞുങ്ങളുടെ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് നന്നായി കഴുകുക
🔵മലമൂത്ര വിസർജ്ജനം ശുചിമുറിയിൽത്തന്നെ ചെയ്യുന്നതിന് കുഞ്ഞുങ്ങളെ ശീലിപ്പിക്കുക.
🔵മലമൂത്ര വിസർജനം കഴിഞ്ഞ് കുഞ്ഞുങ്ങളെ കഴുകിയതിന് ശേഷം മുതിർന്നവർ കൈകൾ സോപ്പുപയോഗിച്ച് കഴുകണം.
🔵ഉപയോഗശേഷം ഡയപ്പെറുകൾ വലിച്ചെറിയരുത്.
🔵കുഞ്ഞുങ്ങളുടെ കൈനഖങ്ങൾ വെട്ടി കൈകൾ വൃത്തിയായി സൂക്ഷിക്കുക.
🔵 വയറിളക്ക രോഗമുള്ളവരുമായി കുഞ്ഞുങ്ങൾ ഇടപഴകുന്നത് ഒഴിവാക്കുക.

Follow us on

Related News